പുഷ്പകണ്ടം ഗവൺമെൻറ് എൽ പി സ്കൂൾ പാഴ് വസ്തുക്കളിൽ നിന്ന് വ്യത്യസ്തമായ ഒരു ആമ ശില്പം നിർമ്മിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ്. സ്കൂളിൽ നടപ്പാക്കുന്ന സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി രൂപകൽപ്പന ചെയ്ത ഈ മാതൃക ശില്പം, ഉപയോഗശൂന്യമായ രണ്ടായിരത്തിലധികം ചെരുപ്പുകളും 400 ബാഗുകളും ഉപയോഗിച്ചാണ് നിർമിച്ചത്. പുറമെ നിന്ന് നോക്കിയാൽ വിവിധ വർണ്ണങ്ങളിലുള്ള പുറന്തോടുള്ള ഭീമൻ ആമയെന്നേ തോന്നുന്ന ഈ ശില്പത്തിന്റെ നിർമാണത്തിന് പിന്നിൽ വലിയൊരു ലക്ഷ്യമുണ്ട്.
കുട്ടികളും രക്ഷിതാക്കളും ചേർന്ന് തങ്ങളുടെ വീടുകളിൽ നിന്നും മറ്റു വീടുകളിൽ നിന്നുമൊക്കെ ശേഖരിച്ച പാഴ്വസ്തുക്കളാണ് ഈ നിർമ്മിതിക്കായി ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ ഇവ തികയാതെ വന്നപ്പോൾ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നും ബാക്കിയുള്ളവ ശേഖരിച്ചു. ശില്പത്തിന്റെ അടിത്തറ നിർമ്മിച്ചത് ചെരിപ്പുകളും മണ്ണും സിമൻ്റും ഉപയോഗിച്ചുള്ള മഡ് പ്ലാസ്റ്ററിങ്ങിലൂടെയാണ്. തുടർന്ന് ബാഗുകളും ചെരിപ്പുകളും ചേർത്ത് ശില്പം പൂർത്തീകരിച്ചു.
നിർമ്മിതിക്കായി തെർമോക്കോളും പെട്രോളും ഉപയോഗിച്ചുള്ള പശ മാത്രമാണ് ഉപയോഗിച്ചത്. കലാകാരന്മാരായ സജി പൂതപ്പാറയും പി ജി ബാബുവും ചേർന്ന് ഒരാഴ്ച കൊണ്ടാണ് നിർമിതി പൂർത്തീകരിച്ചത്. ഈ ആമ ശില്പത്തിന് പുറമേ വ്യത്യസ്തങ്ങളായ നിരവധി നിർമ്മിതികളും കുട്ടികൾക്കായി ഇവിടെ ഒരുക്കിയിരിക്കുകയാണ്. ഇത്തരം പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ സ്കൂളിന് സാധിക്കുന്നു.
Story Highlights: School creates giant turtle sculpture from 2000+ discarded shoes and 400 bags, promoting recycling and environmental awareness