മതമൈത്രിയുടെ പ്രതീകമായ മുണ്ടകൈയും ചൂരൽമലയും ഇത്തവണ നബി ദിനത്തിൽ വ്യത്യസ്തമായ കാഴ്ചയാണ് കാണിച്ചത്. ദുരന്തത്തിൽ മരിച്ചവർക്കായുള്ള പ്രാർത്ഥന മാത്രമാണ് ഇവിടെ നടന്നത്. കഴിഞ്ഞ നബി ദിനത്തിൽ റാലി കടന്ന് പോകുമ്പോഴുള്ള മനുഷ്യർ ഇന്ന് ഇല്ല എന്നത് ഹൃദയഭേദകമാണ്. മണ്ടക്കൈയിലെ ദുരന്തത്തിൽ തകർന്ന പള്ളിക്കടുത്തുള്ള ഖബർ സ്ഥാനങ്ങളിലും പ്രാർഥനകൾ നടന്നു. വയനാട് ജില്ലയിൽ ഇത്തവണ ഒരിടത്തും നബിദിന ആഘോഷങ്ങൾ ഇല്ലാത്തത് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ്.
എന്നാൽ മറ്റിടങ്ങളിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ 1499-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇസ്ലാം മത വിശ്വാസികൾ. മദ്രസ വിദ്യാർഥികളുടെയും പ്രാദേശിക കമ്മിറ്റികളുടെയും നേതൃത്വത്തിൽ നബിദിന റാലികളും ഘോഷയാത്രകളും നടന്നു. മദ്രസകൾ കേന്ദ്രീകരിച്ച് കലാപരിപാടികളും ഭക്ഷണ വിതരണവും സംഘടിപ്പിച്ചു.
വർണക്കൊടികളും ദഫ് മുട്ടടക്കമുള്ള വിവിധ പരിപാടികളോടെയാണ് നബിദിന പുലരിയിൽ നാടെങ്ങും വർണാഭമായ ഘോഷയാത്ര നടന്നത്. പ്രവാചക പ്രകീർത്തനങ്ങൾ ചൊല്ലി മുന്നോട്ട് നീങ്ങിയ നബിദിന റാലികളിൽ മധുരം വിതരണം ചെയ്തും സന്തോഷം കൈമാറിയും ഏവരും അണിനിരന്നു. കേരളത്തിൽ ഓണാവധിക്കിടെ എത്തിയ നബി ദിനത്തിന് ഇക്കുറി ആഘോഷപ്പകിട്ട് ഏറിയെന്ന് പറയാം. എന്നാൽ മുണ്ടകൈയിലും ചൂരൽമലയിലും മാത്രം ദുരന്തത്തിന്റെ നിഴലിൽ പ്രാർത്ഥനകൾ മാത്രമാണ് നടന്നത്.
Story Highlights: Wayanad landslide casts shadow on Prophet Muhammad’s birthday celebrations