സംസ്ഥാന പൊലീസ് മേധാവി ശിപാർശ ചെയ്തിട്ടും എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടില്ല. അവധിയിലുള്ള വിജിലൻസ് ഡയറക്ടർ തിരിച്ചെത്തിയ ശേഷമേ നടപടിക്രമങ്ങൾ തുടങ്ങൂ എന്നാണ് നിലവിലെ തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തലുകൾ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി തുടരുന്ന അജിത് കുമാറിന് തന്നെ റിപ്പോർട്ട് ചെയ്യുന്നതിൽ പ്രതിപക്ഷം ഉൾപ്പെടെ കടുത്ത ആക്ഷേപമുയർത്തുന്നുണ്ട്.
മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തിൽ എഡിജിപി എംആർ അജിത്കുമാറിന് പങ്കുണ്ടെന്ന് പിവി അൻവർ എംഎൽഎ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാമി തിരോധാന കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടുകൾ ആരോപണ സ്ഥാനത്ത് നിൽക്കുന്ന എഡിജിപി വഴി പൊലീസ് ആസ്ഥാനത്തേക്ക് അയക്കരുതെന്ന് ഡിജിപി ഷെയ്ഖ് ദർവേഴ്സ് സഹേബ് നിർദേശം നൽകിയത്. എന്നാൽ മുൻ മലപ്പുറം എസ്പി ശശിധരനും കോഴിക്കോട് കമ്മിഷണർ ടി നാരായണനും ഡിജിപിയുടെ വിലക്ക് ലംഘിച്ച് എംആർ അജിത്കുമാർ വഴി തന്നെയാണ് ഫയലുകൾ അയച്ചത്.
അജിത് കുമാർ നൽകിയ പരാതിയിലാണ് കഴിഞ്ഞ ദിവസം അജിത് കുമാറിന്റെ മൊഴി എടുത്തിരുന്നത്. എന്നാൽ പി വി അൻവർ എംഎൽഎ നൽകിയ പരാതിയിൽ ഇതുവരെയും ചോദ്യം ചെയ്യൽ നടക്കാത്തതിലും ആക്ഷേപമുയരുന്നുണ്ട്. പ്രവാസി മാമിയുടെ തിരോധാന കേസിലെ റിപ്പോർട്ടുകൾ എഡിജിപി വഴി അയയ്ക്കരുതെന്ന നിർദേശം ലംഘിക്കപ്പെട്ടതിൽ ഡിജിപി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സംഭവ വികാസങ്ങൾ ഉയർത്തി എന്തിന് അജിത് കുമാറിനെ സർക്കാർ വഴിവിട്ട് സംരക്ഷിക്കുന്നു എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
Story Highlights: Vigilance investigation delayed against ADGP M R Ajith Kumar despite DGP recommendation