ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കെജ്രിവാളിന്റെ രാജി പ്രഖ്യാപനം വെറും നാടകമാണെന്ന് ബിജെപി ആരോപിച്ചു. രണ്ട് ദിവസം കാത്തിരിക്കാതെ ഇന്ന് തന്നെ രാജി വയ്ക്കാൻ ബിജെപി നേതാക്കൾ കെജ്രിവാളിനോട് ആവശ്യപ്പെട്ടു.
മദ്യനയ അഴിമതിക്കേസിൽ കോടതി കെജ്രിവാളിന് ഉപാധികളോടെ മാത്രമാണ് ജാമ്യം അനുവദിച്ചതെന്നും, ഈ സാഹചര്യത്തിലാണ് അദ്ദേഹം ഇപ്പോൾ വികാരനിർഭരമായ നാടകം കളിക്കുന്നതെന്നും ബിജെപി ദേശീയ വക്താവ് ഷെസാദ് പൂനെവാല ആരോപിച്ചു. സെക്രട്ടറിയേറ്റിൽ ഇരിക്കാനോ ഫയലുകളിൽ ഒപ്പിടാനോ കഴിയാത്ത സാഹചര്യത്തിൽ എന്തിനാണ് കെജ്രിവാൾ മുഖ്യമന്ത്രിയായി തുടരുന്നതെന്ന് ഡൽഹിയിലെ ജനങ്ങൾ തന്നെ ചോദിച്ചിരുന്നുവെന്ന് ബിജെപി നേതാവ് ഹരിഷ് ഖുരാന ചൂണ്ടിക്കാട്ടി.
പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കെജ്രിവാൾ രാജി പ്രഖ്യാപനം നടത്തിയത്. അഗ്നിപരീക്ഷയ്ക്ക് തയ്യാറാണെന്നും ജനവിധിയോടെ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. നവംബറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും താൽക്കാലിക മുഖ്യമന്ത്രിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി. താനും മനീഷ് സിസോദിയയും ജനവിധി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Delhi Chief Minister Arvind Kejriwal announces shock resignation, BJP calls it drama