മമ്മൂട്ടി നായകനായ ‘വല്യേട്ടന്’ എന്ന ചിത്രം പ്രദര്ശനത്തിനെത്തിയിട്ട് ഇരുപത്തിയഞ്ചു വര്ഷം പൂര്ത്തിയാകുന്ന വര്ഷമാണിത്. അമ്പലക്കര ഫിലിംസിന്റെ ബാനറില് ബൈജു അമ്പലക്കരയും അനില് അമ്പലക്കരയും നിര്മ്മിച്ച ഈ ചിത്രം രഞ്ജിത്തിന്റെ തിരക്കഥയില് ഷാജി കൈലാസ് സംവിധാനം ചെയ്തതാണ്. വന് വിജയം നേടിയ ഈ സിനിമ ഇപ്പോള് ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ 4കെ ഡോള്ബി അറ്റ്മോസ് സിസ്റ്റത്തില് വീണ്ടും പ്രദര്ശനത്തിനെത്തുകയാണ്.
ചിത്രത്തിലെ ഏറ്റവും പോപ്പുലറായ ഗാനം ഇപ്പോള് പുറത്തുവിട്ടിരിക്കുന്നു. ‘മാനത്തെ മണിത്തുമ്പമുട്ടില് മേട സൂര്യനോ… നിറനാഴിപ്പൊന്നിന് മാണിക്യ തിരിത്തുമ്പു നീട്ടി പൊന്വെയില്’ എന്ന ഗാനം ഗിരീഷ് പുത്തഞ്ചേരി രചിച്ച്, മോഹന് സിതാര ഈണമിട്ട്, എം.ജി. ശ്രീകുമാറും സംഘവും പാടിയതാണ്. ഈ ഗാനത്തില് മമ്മൂട്ടി, സിദ്ദിഖ്, മനോജ്.കെ. ജയന്, വിജയകുമാര്, സുധീഷ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അറയ്ക്കല് മാധവനുണ്ണിയും സഹോദരന്മാരും ചേര്ന്നുള്ള ഒരാഘോഷമാണ് ഈ ഗാനത്തിന്റെ സന്ദര്ഭം.
ശോഭന, പൂര്ണ്ണിമാ ഇന്ദ്രജിത്ത്, എന്.എഫ്.വര്‍ഗീസ്, കലാഭവന് മണി തുടങ്ങിയ പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിനുണ്ട്. മാറ്റിനിനൗ എന്ന കമ്പനിയാണ് ഈ ചിത്രം 4കെ ഡോള്ബി അറ്റ്മോസില് അവതരിപ്പിക്കുന്നത്. ഒക്ടോബര് ആദ്യവാരത്തില് ചിത്രം പ്രദര്ശനത്തിനെത്തും. ജനങ്ങള് എന്നും ചുണ്ടില് മൂളുന്ന ഈ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരണവും ഏറെ കൗതുകം നിറഞ്ഞതായിരുന്നു.
Story Highlights: Mammootty’s ‘Valyettan’ celebrates 25 years, re-releasing in 4K Dolby Atmos with popular song ‘Manathe Manithumbamuttil’ released.