ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് തന്റെ മകനും നിലവില് കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ ഉദയനിഥി സ്റ്റാലിന് ഉപമുഖ്യമന്ത്രി പദത്തിലേക്ക് എത്തിയേക്കുമെന്ന സൂചനകള് നല്കി. അമേരിക്കയില് നിന്നും തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഈ സൂചന നല്കിയത്. മന്ത്രിസഭാ പുന:സംഘടന ഉണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടിയായി, “നിങ്ങള് മനസില് വിചാരിക്കുന്ന കാര്യങ്ങള് സംഭവിക്കുന്ന സാഹചര്യമുണ്ടാകും” എന്നായിരുന്നു എം കെ സ്റ്റാലിന്റെ പരാമര്‍ശം.
മുന്‍പ് പലപ്പോഴും ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള സമയം ആയില്ലെന്ന് സ്റ്റാലിന് പറഞ്ഞിരുന്നു. എന്നാല് ഇപ്പോള് അദ്ദേഹം പറഞ്ഞത്, “ഡിഎംകെ പറഞ്ഞ കാര്യങ്ങള് ചെയ്യും. ചെയ്യുന്ന കാര്യങ്ങള് മാത്രമേ പറയൂ. നിങ്ങള് മനസില് ആഗ്രഹിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകും” എന്നാണ്. നേരത്തെ ഓഗസ്റ്റ് 22ന് മുമ്പ് ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങള് ശക്തമായിരുന്നു. ജനുവരിയിലും സമാന രീതിയില് ഉദയനിധിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് വാദങ്ങള് പ്രചരിച്ചിരുന്നെങ്കിലും സ്റ്റാലിന് അതെല്ലാം തള്ളുകയായിരുന്നു.
തമിഴ്‌നാട്ടിലേക്ക് നിക്ഷേപം തേടിയായിരുന്നു എം കെ സ്റ്റാലിന്റെ യുഎസ് സന്ദര്ശനം. അമേരിക്കന് സന്ദര്ശനം വന് വിജയമായിരുന്നെന്നും 7618 കോടിയുടെ നിക്ഷേപം തമിഴ്നാട്ടിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ കമ്പനികളുമായി 7618 കോടി രൂപയുടെ ധാരണാപത്രം ഒപ്പിട്ടെന്നും ഇതിലൂടെ 11,516 പേര്ക്ക് നേരിട്ട് ജോലി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശനിക്ഷേപത്തെ കുറിച്ചുള്ള വാഗ്ദാനങ്ങള് 100 ശതമാനം യഥാര്ത്ഥ്യമാക്കുമെന്നും അദ്ദേഹം വിവരിച്ചു.
Story Highlights: Tamil Nadu CM MK Stalin hints at son Udhayanidhi Stalin’s potential appointment as Deputy CM, following successful US investment trip.