സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തിൽ രാജ്യം അന്ത്യാഞ്ജലി അർപ്പിച്ചു. എകെജി ഭവനിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ പാർട്ടി സഖാക്കളും സോണിയ ഗാന്ധി, ശരത് പവാർ തുടങ്ങിയ നേതാക്കളും അന്തിമോപചാരം അർപ്പിച്ചു. വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി ഡൽഹി എയിംസിന് കൈമാറും.
രാവിലെ പത്തരയോടെ വസന്ത് കുഞ്ചിലെ വസതിയിൽ നിന്ന് മൃതദേഹം എകെജി ഭവനിലേക്ക് എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന ഘടകങ്ങളും, വർഗ്ഗ ബഹുജന സംഘടനകളും ആദ്യം പ്രിയ സഖാവിന് യാത്രാഭിവാദ്യങ്ങൾ അർപ്പിച്ചു.
കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പി ചിദംബരം, ജയറാം രമേശ്, എൻസിപി അധ്യക്ഷൻ ശരത് പവാർ, സമാജ്വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ്, ആം ആദ്മി പാർട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരടക്കം ദേശീയ നേതാക്കളുടെ വലിയ നിര തന്നെ യെച്ചൂരിയെ അവസാനമായി കാണാൻ എത്തി. നേപ്പാൾ മുൻ പ്രധാനമന്ത്രി മാധവ് കുമാർ നേപ്പാൾ അടക്കമുള്ള വിദേശ നേതാക്കളും പ്രതിനിധികളും യെച്ചൂരിക്ക് ആദരം അർപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പ്രിയ സഖാവിന് വിട നൽകി.
Story Highlights: The nation paid last respects to CPI(M) General Secretary Sitaram Yechury, with leaders and party members offering tributes at AKG Bhavan.