മണ്ണിനോടും പ്രകൃതിയോടും ഇഴുകിചേർന്ന തിരുവണ്ണൂരിലെ കാരുണ്യം വീട്ടിലേക്ക് എം.എ യൂസഫലി അപ്രതീക്ഷിതമായി എത്തി. കോഴിക്കോട് ലുലു മാളിന്റെ ഉദ്ഘാടന തിരക്കുകൾക്കിടയിലും പ്രിയമിത്രമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയെ കാണാനാണ് അദ്ദേഹം ആദ്യം ആഗ്രഹിച്ചത്. അതിഥിയായെത്തിയ യൂസഫലിയെ കൈതപ്രം ഹൃദയംനിറഞ്ഞ സംഗീതത്തോടെ സ്വീകരിച്ചു.
ലുലുവിനുള്ള സ്വാഗതഗാനം കൈതപ്രത്തിന്റെ ശിഷ്യർ ഏറ്റുപാടിയത് യൂസഫലി മനംനിറഞ്ഞ് കേട്ടിരുന്നു. തുടർന്ന്, പ്രിയസുഹൃത്തിന് മുത്ത് പതിച്ച സഫ്ടിക ശിൽപ്പം സമ്മാനിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരി യൂസഫലിയെ ‘ഇക്ക’ എന്നാണ് വിളിക്കുന്നത്. പ്രായത്തിൽ അനുജനാണെങ്കിലും സ്നേഹവും ബഹുമാനവും കൊണ്ടാണ് ഇങ്ങനെ വിളിക്കുന്നത്.
കോഴിക്കോട് എത്തിയ ഉടനെ തന്നെ നേരിൽ കാണാൻ യൂസഫലി എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് കൈതപ്രം പറഞ്ഞു. ലുലു കോഴിക്കോട് തുറക്കുന്നത് സ്വന്തം കുടുംബത്തിലെ സംഭവം പോലെയാണ് അനുഭവപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൗതികതയുടെ ഉച്ചകോടിയിൽ എത്തിയിട്ടും ആത്മീയതയും മതേതരത്വവും വിടാത്ത വലിയ മനുഷ്യനാണ് യൂസഫലിയെന്ന് കൈതപ്രം വ്യക്തമാക്കി. യൂസഫലി സമ്മാനിച്ച മുത്ത് തന്റെ ‘മഴനീർ തുള്ളിയെ മുത്തായി മാറ്റും നന്മണിചിപ്പി’ എന്ന ഗാനവുമായി ഉപമിച്ച് കൈതപ്രം സ്വീകരിച്ചു. ഈ കൂടിക്കാഴ്ച ജീവിതത്തിലെ എണ്ണപ്പെട്ട നിമിഷമായി കണക്കാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: M.A. Yusuf Ali makes surprise visit to Kaithapram Damodaran Namboothiri’s home amidst Lulu Mall inauguration in Kozhikode