ഇടുക്കി കുമളിയിലെ ഷെഫീഖിന്റെ ജീവിതത്തിൽ പ്രകാശരേഖയായി മാറിയ രാഗിണിയുടെ കഥ മലയാളികൾക്ക് സുപരിചിതമാണ്. പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരതയ്ക്ക് ഇരയായി ആരോഗ്യപ്രശ്നങ്ങളുമായി ജീവിക്കുന്ന ഷെഫീഖിനെ പരിചരിക്കാൻ സർക്കാർ തെരഞ്ഞെടുത്ത രാഗിണി പതിനൊന്ന് വർഷമായി പോറ്റമ്മയായി അവനൊപ്പമുണ്ട്. ഇപ്പോൾ, രാഗിണിക്ക് സർക്കാർ വാഗ്ദാനം ചെയ്ത ജോലിയുടെ കാര്യത്തിൽ വർഷങ്ങൾക്ക് ശേഷം തീരുമാനമായിരിക്കുകയാണ്.
സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സംയോജിത ശിശു വികസന പദ്ധതി അറ്റൻ്ററായി രാഗിണിയെ സർക്കാർ നിയമിച്ചു. എന്നാൽ, ഷെഫീഖിനെ ഉപേക്ഷിച്ച് ജോലിയിൽ പ്രവേശിക്കാനില്ലെന്നാണ് രാഗിണിയുടെ തീരുമാനം. അവിവാഹിതയായ രാഗിണി ഷെഫീഖിന് ഒപ്പം കഴിഞ്ഞ പതിനൊന്ന് വർഷമായി കാവലായി ഉണ്ട്. വൈകിയാണെങ്കിലും സർക്കാരിൽ നിന്ന് ലഭിച്ച നിയമനത്തിൽ സന്തോഷമുണ്ടെന്നും, എന്നാൽ ഷെഫീഖിനെ ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്ത് ജോലിക്ക് പോകാനാകില്ലെന്നും രാഗിണി വ്യക്തമാക്കി.
2013 ആഗസ്റ്റ് 15 നാണ് രാഗിണി ആദ്യമായി ഷെഫീഖിനെ കാണുന്നത്. ആശുപത്രി കിടക്കയിൽ മുറിവുകളുമായി ചലനമറ്റ കിടന്ന നാലു വയസുകാരനെ വാവച്ചി എന്ന് വിളിച്ച് രാഗിണി പോറ്റമ്മയായി. പിതാവിൻ്റെയും രണ്ടാനമ്മയുടെയും ക്രൂരമായ മർദനത്തിനിരയായി ആശുപത്രിയിൽ കഴിഞ്ഞ ഷെഫീഖിനെ ഏറ്റെടുക്കാൻ ആരും ഉണ്ടായിരുന്നില്ല. അന്നത്തെ സർക്കാർ തീരുമാനപ്രകാരം, ഇടുക്കി ഏലപ്പാറയിലെ അങ്കണവാടിയിൽ ഹെൽപ്പർ ആയിരുന്ന രാഗിണി ഷെഫീഖിന് അമ്മയായി മാറി. ഇപ്പോൾ, ഷെഫീഖിനൊപ്പം നിൽക്കുന്ന തരത്തിൽ നിയമന സാധ്യതയുണ്ടെങ്കിൽ മാത്രമെ ജോലിയിൽ പ്രവേശിക്കു എന്ന നിലപാടിലാണ് രാഗിണി.
Story Highlights: Ragini, caregiver for 11 years, declines job offer to stay with abused Shafeeq in Idukki