അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ് കമല ഹാരിസുമായി മറ്റൊരു തത്സമയ പരസ്യ സംവാദത്തിന് തയ്യാറല്ലെന്ന് പ്രഖ്യാപിച്ചു. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ നിലപാട് വ്യക്തമാക്കിയത്. നവംബർ അഞ്ചിലെ തെരഞ്ഞെടുപ്പിന് മുൻപ് ഒരു സംവാദം കൂടി നടത്താൻ കമല ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആദ്യ സംവാദത്തിൽ തോറ്റുപോയതിൻ്റെ ക്ഷീണം മറികടക്കാനാണ് കമല ഇത് ആവശ്യപ്പെടുന്നതെന്ന് ട്രംപ് പരിഹസിച്ചു.
കഴിഞ്ഞ സംവാദത്തിൽ കമല മേൽക്കൈ നേടിയെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. സിഎൻഎൻ സർവേ പ്രകാരം 63 ശതമാനം പേരും കമല ജയിച്ചെന്ന് വിശ്വസിക്കുന്നു. യുഗവ് പോളിൽ 43 ശതമാനം കമല ജയിച്ചെന്നും 28 ശതമാനം ട്രംപ് ജയിച്ചെന്നും കരുതുന്നു. എന്നാൽ ഏത് സർവേയെന്ന് വ്യക്തമാക്കാതെ താൻ കഴിഞ്ഞ സർവേയിൽ ജയിച്ചെന്നാണ് ട്രംപിൻ്റെ വാദം.
സംവാദത്തിന് ശേഷം കമലയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വൻ തുക ഒഴുകിയെത്തി. 24 മണിക്കൂറിനിടെ 47 ദശലക്ഷം ഡോളറാണ് കമലയ്ക്ക് ലഭിച്ചത്. അതേസമയം, ട്രംപിൻ്റെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ജെഡി വാൻസും ഡെമോക്രാറ്റിക് വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ടിം വാൽസും തമ്മിലുള്ള സംവാദം ഒക്ടോബർ ഒന്നിന് ന്യൂയോർക്കിൽ നടക്കും.
Story Highlights: Donald Trump refuses to participate in another live debate with Kamala Harris ahead of US presidential election