മമ്മൂട്ടി ഫേസ്ബുക്കിലൂടെ ജെൻസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ജെൻസന്റെ മരണം വലിയ ദുഃഖമുണ്ടാക്കുന്നുവെന്നും ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണെന്നും അദ്ദേഹം കുറിച്ചു. ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും സഹനത്തിന് അപാരമായ ശക്തി ലഭിക്കട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു.
ഫഹദ് ഫാസിലും ജെൻസന്റെ വിയോഗത്തിൽ വേദന പങ്കുവച്ചു. “കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ” എന്ന് ജെൻസന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഫഹദ് കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനമറിയിച്ചു. ജെൻസന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം അമ്പലവയൽ ആണ്ടൂരിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ആണ്ടൂർ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ നടക്കും.
മുണ്ടക്കയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൻ. ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ 9 പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. ജെൻസന്റെ തണലിൽ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്ന ശ്രുതിയെ വാഹനാപകടത്തിൽ ജെൻസനെയും നഷ്ടമായപ്പോൾ ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളില്ല. ഇരുവരുടെയും വിവാഹം ഉറപ്പിച്ചിട്ട് ഒരു മാസമേ കഴിഞ്ഞിരുന്നുള്ളൂ.
Story Highlights: Mammootty expresses condolences on Jenson’s death, highlighting Shruthi’s immeasurable grief