മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹായുതി സഖ്യത്തില് സീറ്റ് വിഭജനത്തിന്റെ പേരില് വിലപേശല് മുറുകുകയാണ്. ബിജെപി, ഏക്നാഥ് ഷിന്ഡെയുടെ ശിവസേന, അജിത് പവാറിന്റെ എന്സിപി എന്നിവരാണ് സഖ്യത്തിലുള്ളത്. ബിജെപി 160 സീറ്റില് മത്സരിക്കാന് ലക്ഷ്യമിടുമ്പോള് എന്സിപി 60 മുതല് 80 സീറ്റ് വരെയും, ശിവസേന ഷിന്ഡെ വിഭാഗം 100 ലേറെ സീറ്റും ആവശ്യപ്പെടുന്നു. അമിത് ഷാ മുംബൈയില് എത്തിയപ്പോള് സേന നേതാക്കള് ഇക്കാര്യം ഉന്നയിച്ചതായി പാര്ട്ടി വൃത്തങ്ങള് അറിയിച്ചു.
ശിവസേനയുടെ മുന്കാല പ്രകടനവും ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനവും വിലയിരുത്തിയാണ് ഷിന്ഡെ അവകാശവാദം ഉന്നയിച്ചത്. മറാത്തി, ഹിന്ദുത്വ വോട്ടുകള് നിലനിര്ത്തിയതായും, ഉദ്ധവ് വിഭാഗത്തിന് സ്വന്തം നിലയ്ക്ക് അധികം വോട്ടുകിട്ടിയില്ലെന്നും ഷിന്ഡെ വിഭാഗം നേതാവ് ചൂണ്ടിക്കാട്ടി. സീറ്റ് പങ്കിടല് ഫോര്മുല ഈ മാസം തന്നെ അന്തിമമാക്കിയേക്കും. സേനയ്ക്ക് 80 മുതല് 90 വരെയും എന്സിപിക്ക് 50 മുതല് 60 വരെയും സീറ്റ് കിട്ടാനാണ് സാധ്യത.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പോലെ സ്ഥാനാര്ഥി പ്രഖ്യാപനം വൈകരുതെന്ന് ശിവസേന നേതാക്കള് അമിത്ഷായോട് ആവശ്യപ്പെട്ടു. ഓരോ പാര്ട്ടിക്കുമുള്ള സീറ്റ് നിശ്ചയിച്ചശേഷം, ജയസാധ്യത നോക്കി മണ്ഡലങ്ങള് കൈമാറുന്ന കാര്യം തീരുമാനിക്കും. 2019ലെ തിരഞ്ഞെടുപ്പില് ബിജെപി 160 സീറ്റില് മത്സരിച്ച് 105 സീറ്റ് നേടിയിരുന്നു. ഇക്കുറി കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നു. പ്രതിപക്ഷമായ മഹാ വികാസ് അഗാഡി സഖ്യം ലോക്സഭാ തിരഞ്ഞെടുപ്പില് 48ല് 30 സീറ്റ് നേടി കരുത്ത് കാട്ടിയിരുന്നു.
Story Highlights: Maharashtra’s ruling alliance faces seat-sharing tensions ahead of assembly elections