യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഗോത്ര നേതാക്കളുമായുള്ള മാപ്പപേക്ഷ ചർച്ചകൾ വഴിമുട്ടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യെമനിലുള്ള സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോം ജിബൂട്ടിയിലെ ഇന്ത്യൻ എംബസിയെ ഈ വിവരം അറിയിച്ചതായി അറിയുന്നു.
പ്രാഥമിക ചർച്ചകൾക്കായുള്ള പണത്തിന്റെ രണ്ടാംഗഡു നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നിന്ന് ലഭിച്ചില്ലെന്ന് സാമുവൽ ജെറോം പറഞ്ഞു. എന്നാൽ, ചർച്ചകളുടെ പുരോഗതിയോ പണത്തിന്റെ കണക്കോ പങ്കുവയ്ക്കാൻ സാമുവൽ ജെറോം തയ്യാറായില്ലെന്നാണ് ആക്ഷൻ കൗൺസിന്റെ വിശദീകരണം. ഇക്കാര്യങ്ങൾ ബോധിപ്പിക്കേണ്ട കാര്യം തനിക്കില്ലെന്ന് സാമുവൽ ജെറോം അറിയിച്ചതായും ആക്ഷൻ കൗൺസിൽ പറയുന്നു.
കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബത്തിന്റെ വിശ്വസ്ഥൻ ഷെയ്ഖ് ഹുസൈൻ അബ്ദുല്ല അൽ സുവാദിക്ക് ചർച്ചകൾക്കായി നിയമപരമായ അധികാരം ലഭിച്ചില്ല എന്നതും മോചന ശ്രമങ്ങൾക്ക് തടസ്സമായി. ഈ സാഹചര്യത്തിൽ, നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുമെങ്കിലും, അവയുടെ ഫലപ്രാപ്തി ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്.
Story Highlights: Nimisha Priya’s release efforts in Yemen face setbacks due to financial and legal issues