ഉത്തർപ്രദേശിലെ അമരോഹ ജില്ലയിൽ ഒരു സ്വകാര്യ സ്കൂളിൽ നിന്ന് ഏഴു വയസ്സുകാരനെ പുറത്താക്കിയതായി ആരോപണം ഉയർന്നിരിക്കുകയാണ്. ഹിൽട്ടൺ കോൺവെൻ്റ് സ്കൂളിലെ പ്രിൻസിപ്പൽ അവിനിഷ് കുമാർ ശർമ്മയ്ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടി ഉച്ചഭക്ഷണമായി ബിരിയാണി കൊണ്ടുവന്നതാണ് പ്രശ്നത്തിന് കാരണമായത്.
സംഭവത്തെക്കുറിച്ച് വിദ്യാർഥിയുടെ അമ്മയും പ്രിൻസിപ്പലും തമ്മിൽ നടന്ന തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്. വീഡിയോയിൽ, പ്രിൻസിപ്പൽ വർഗീയ ചുവയോടെ സംസാരിക്കുന്നതും കേൾക്കാം. നോൺ വെജ് ഭക്ഷണം കഴിക്കുന്ന വിദ്യാർഥികളെ സ്കൂളിൽ പഠിപ്പിക്കില്ലെന്നും, ഇത്തരം ഭക്ഷണത്തിലൂടെ മത പരിവർത്തനമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ജില്ലാ സ്കൂൾ ഇൻസ്പെക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബേസിക് ശിക്ഷാ അധികാരിയുടെ നേതൃത്വത്തിൽ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ, വിദ്യാർഥിയെ മർദ്ദിച്ചില്ലെന്നും കമ്പ്യൂട്ടർ റൂമിൽ മറ്റൊരു അധ്യാപകന്റെ സാന്നിധ്യത്തിൽ കുട്ടിയോട് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രിൻസിപ്പലിന്റെ വാദം. വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് അമരോഹ മുസ്ലിം കമ്മിറ്റി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് മെമോറാണ്ടം നൽകിയിട്ടുണ്ട്.
Story Highlights: Student expelled from UP school for bringing non-veg biryani in tiffin