ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ബോണസിന് അർഹതയില്ലാത്തവർക്ക് 2750 രൂപ പ്രത്യേക ഉത്സവബത്തയും, സർവീസ് പെൻഷൻകാർക്ക് 1000 രൂപ പ്രത്യേക ഉത്സവബത്തയും നൽകും. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ചവർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും 20,000 രൂപ ഓണം അഡ്വാൻസ് അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ജീവനക്കാർക്ക് 6000 രൂപയാണ് അഡ്വാൻസ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്കീം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് അതേ നിരക്കിൽ തന്നെ ഈ വർഷവും ലഭിക്കും. 13 ലക്ഷത്തിലധികം ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഈ പ്രത്യേക സഹായം എത്തുക. കേന്ദ്ര സർക്കാർ നയങ്ങൾ മൂലമുള്ള സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ജീവനക്കാരുടെ ഓണം ആനുകൂല്യങ്ങളിൽ കുറവ് വരുത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1700 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്ക് 3200 രൂപ വീതം ലഭിക്കും. ബുധനാഴ്ച മുതൽ പെൻഷൻ ഗുണഭോക്താക്കളുടെ കൈകളിലെത്തും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും, മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിയും പെൻഷൻ കൈമാറും. കഴിഞ്ഞ മാർച്ചു മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്നും ഈ മാസത്തെ പെൻഷൻ ഓണം പ്രമാണിച്ച് നേരത്തെ നൽകുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി.
Story Highlights: Kerala government announces Onam bonus and festival allowance for employees and pensioners