കേരളത്തിൽ വിവാദമായ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പ്രത്യാഘാതങ്ങൾ തെന്നിന്ത്യൻ സിനിമാ മേഖലയിലാകെ വ്യാപിക്കുന്നു. മലയാള സിനിമയിൽ തുടങ്ങിയ ചർച്ചകൾ തമിഴ്, കന്നട സിനിമാ രംഗങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഒരു കൂട്ടം സ്ത്രീകളുടെ പ്രവർത്തനങ്ങൾക്ക് മുന്നിൽ മലയാളത്തിലെ സൂപ്പർ താരങ്ങൾ ഉൾപ്പെടെ പലരും തെന്നിവീഴുന്ന പുതിയ ചരിത്രമാണ് ഹേമ കമ്മിറ്റിയിലൂടെ സൃഷ്ടിക്കപ്പെട്ടത്.
തമിഴ് സിനിമയിൽ, നടികർസംഘം ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പത്തുദിവസത്തിനകം പത്തംഗസമിതി രൂപവത്കരിക്കുമെന്ന് ജനറൽ സെക്രട്ടറി നടൻ വിശാൽ അറിയിച്ചു. ഇതിനു മുൻപ് തന്നെ ഗായിക ചിൻമയി, നടി ശ്രീ റെഡ്ഡി, വരലക്ഷ്മി, ഐശ്വര്യാ രാജേഷ് തുടങ്ങിയവർ പല പരാതികളും ഉന്നയിച്ചിരുന്നു. കേരളത്തിലെ സംഭവവികാസങ്ങൾ പല നടികളുടെയും പ്രതികരണശേഷി വീണ്ടും ഉണർത്തിയെന്ന് പറയാം.
കന്നട സിനിമാ മേഖലയിലും ഹേമ കമ്മിറ്റി മാതൃകയിൽ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്. ‘ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്സ് ആൻഡ് ഇക്വാളിറ്റി’ (ഫയർ) എന്ന സംഘടന മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തു നൽകി. നടിമാരും സംവിധായകരുമുൾപ്പെടെ 153 അംഗങ്ങൾ ഈ കത്തിൽ ഒപ്പുവെച്ചു. കവിതാ ലങ്കേഷ്, രമ്യ, ഐന്ദ്രിത റോയ്, പൂജ ഗാന്ധി, ശ്രുതി ഹരിഹരൻ, സുദീപ്, ചേതൻ അഹിംസ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. ഇങ്ങനെ, ഹേമ കമ്മറ്റി റിപ്പോർട്ട് കേരളത്തിലുണ്ടാക്കിയ കോളിളക്കം അയൽ സംസ്ഥാനങ്ങളിലേക്കും ഇപ്പോൾ പടരുകയാണ്.
Story Highlights: Hema Committee report sparks discussions on sexual harassment in South Indian film industries