കന്നഡ സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങൾ അന്വേഷിക്കാൻ ഹേമ കമ്മിറ്റി മാതൃകയിൽ സമിതി വേണമെന്ന ആവശ്യവുമായി സിനിമാ പ്രവർത്തകർ രംഗത്തെത്തി. ‘ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്സ് ആൻഡ് ഇക്വാളിറ്റി’ (ഫയർ) എന്ന സംഘടന മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തു നൽകി. സുരക്ഷിതവും തുല്യവുമായ തൊഴിൽ അന്തരീക്ഷം ഒരുക്കണമെന്നും അതിനുള്ള നടപടികൾ എടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
നടിമാരും സംവിധായകരുമുൾപ്പെടെ 153 അംഗങ്ങളാണ് സംഘടനയുടെ പേരിൽ കത്ത് നൽകിയത്. കവിതാ ലങ്കേഷ്, രമ്യ, ഐന്ദ്രിത റോയ്, പൂജ ഗാന്ധി, ശ്രുതി ഹരിഹരൻ, ചൈത്ര ജെ. ആചാർ, സംയുക്ത ഹെഗ്ഡെ, ഹിത, സുദീപ്, ചേതൻ അഹിംസ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് പുറത്തുവിടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെ മറ്റു സിനിമാ മേഖലകളിലും സമാന രീതിയിലുള്ള സമിതി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. തെലുങ്ക് സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള പ്രത്യേക സമിതിയുടെ റിപ്പോർട്ട് പുറത്തുവിടാൻ ‘വോയിസ് ഓഫ് വിമൻ’ സർക്കാരിനോട് അഭ്യർത്ഥിച്ചു. അതേസമയം, തമിഴ് സിനിമാ പ്രവർത്തകരുടെ സംഘടനയായ നടികർ സംഘം ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കാൻ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കുമെന്നും കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തുമെന്നും വ്യക്തമാക്കി.
Story Highlights: Kannada film industry demands Hema Committee-like probe for sexual harassment cases