കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് പ്രതിമാസം 54 ലക്ഷം രൂപ ചെലവഴിക്കുന്നതായി വിവരാവകാശ രേഖ വെളിപ്പെടുത്തി. 35 അംഗ സംഘമാണ് സിദ്ധരാമയ്യയുടെ ഔദ്യോഗിക, സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നത്. ദി പോളിസ് ഫ്രണ്ട് എന്ന അക്കൗണ്ടിലേക്ക് 18 ശതമാനം ജിഎസ്ടി ഉൾപ്പടെ 53.9 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുവദിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിൽ മുഖ്യമന്ത്രിയുടെ ഓഫീസ് 3.18 കോടി രൂപ ചെലവഴിച്ചതായി കർണാടക സ്റ്റേറ്റ് മാർക്കറ്റിങ് കമ്മ്യൂണിക്കേഷൻ ആൻഡ് അഡ്വെർടൈസിങ് ലിമിറ്റഡ് (എംസിഎ) വിവരാവകാശ മറുപടിയിൽ വ്യക്തമാക്കി. ഈ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത് സിദ്ധരാമയ്യയും ഭാര്യയും ഉൾപ്പെട്ട മൈസൂരു അർബൻ ഡെവലപ്മെൻ്റ് അതോറിറ്റി (എംയുഡിഎ) സൈറ്റ് അലോട്ട്മെൻ്റ് അഴിമതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ്.
കർണാടകയിൽ വലിയ രാഷ്ട്രീയവിവാദങ്ങൾക്ക് വഴിവെച്ച ഈ അഴിമതിയിൽ, മൈസൂരു നഗരമധ്യത്തിലുള്ള 14 സൈറ്റുകൾ മുഖ്യമന്ത്രിയുടെ ഭാര്യ പാർവതിയുടെ പേരിൽ അനുവദിച്ചെന്നാണ് ആരോപണം. വികസനത്തിന് ഏറ്റെടുത്തതിനേക്കാൾ വിലമതിക്കുന്ന ഭൂമിയാണ് പാർവതിക്ക് പകരം നൽകിയതെന്നും ആരോപിക്കപ്പെടുന്നു. എന്നാൽ രാഷ്ട്രീയപ്രേരിതമായ ആരോപണമാണിതെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. ഗവർണർ തവാർ ചന്ദ് ഗെഹ്ലോട്ട് എംയുഡിഎ ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.
Story Highlights: Karnataka CM Siddaramaiah spends Rs 54 lakh monthly on social media management amid corruption allegations