കർണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആശ്വാസമായി. അന്വേഷണം തുടരാനുള്ള അനുമതി വേണമെന്ന സിബിഐയുടെ ഹർജി കർണാടക ഹൈക്കോടതി തള്ളുകയായിരുന്നു. സംസ്ഥാന സർക്കാർ ശിവകുമാറിനെതിരെയുള്ള അന്വേഷണാനുമതി പിൻവലിച്ചതിനെതിരെയാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.
2013 മുതൽ 2018 വരെയുള്ള കാലയളവിൽ ഡി കെ ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് സി ബി ഐ രജിസ്റ്റർ ചെയ്ത കേസ്. ഈ കാലയളവിൽ കർണാടകയിലെ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്ന ഡി കെ ശിവകുമാർ, മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് അധികാര ദുർവിനിയോഗത്തിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നതാണ് പ്രധാന ആരോപണം. ഈ കേസിൽ ശിവകുമാറിന് തീഹാർ ജയിലിൽ കഴിയേണ്ടി വന്നിരുന്നു. പിന്നീട് പുറത്തിറങ്ങി കർണാടക തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് ഉപ മുഖ്യമന്ത്രിയായി.
അതേസമയം, അനധികൃത സ്വത്ത് സമ്പാദനക്കേസിലെ സുപ്രീം കോടതി വിധി ദൈവത്തിൻ്റെ തീരുമാനമായി അംഗീകരിക്കുമെന്ന് ഡികെ ശിവകുമാർ പ്രതികരിച്ചു. സകലേഷ്പുരയിലെ യെറ്റിനഹോളെയിൽ സംയോജിത കുടിവെള്ള പദ്ധതിയുടെ പരിശോധനയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. കോടതിയെയും ദൈവത്തെയും വിശ്വസിക്കുന്നതായും കോടതി വിധി ദൈവത്തിൻ്റെ തീരുമാനമായി അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Karnataka High Court dismisses CBI plea to continue investigation against DK Shivakumar in illegal assets case