ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ പ്രതികരണവുമായി രംഗത്തെത്തി. ലൈംഗിക പീഡനങ്ങൾ എല്ലായിടത്തും ഉള്ളതാണെന്ന് നടി ചൂണ്ടിക്കാട്ടി. തുറന്നുപറയുന്നത് എത്ര നേരത്തെയാണോ, അത്രയും വേഗം മുറിവുകൾ ഉണങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
അപകീർത്തിപ്പെടുത്തുമെന്ന ഭയവും നീ എന്തിനു ചെയ്തു, എന്തിനുവേണ്ടി ചെയ്തു തുടങ്ങിയ ചോദ്യങ്ങളും അതിജീവിതകളെ തകർത്തു കളയുന്നുവെന്ന് ഖുശ്ബു പറഞ്ഞു. അതിജീവിതകൾ നമുക്ക് പരിചയമില്ലാത്തവരാകാമെങ്കിലും അവർക്ക് നമ്മുടെ പിന്തുണ ആവശ്യമുണ്ടെന്നും അവരെ കേൾക്കാനുള്ള മനസ്സ് കാണിക്കണമെന്നും നടി ആവശ്യപ്പെട്ടു.
നിങ്ങളുടെ തുറന്നു പറച്ചിൽ ഇന്നാണോ നാളെയാണോ എന്നത് പ്രശ്നമല്ല, തുറന്നുപറയണമെന്ന് മാത്രമാണ് പ്രധാനമെന്ന് ഖുശ്ബു എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. അവസരം വാഗ്ദാനം ചെയ്തുള്ള ലൈംഗിക പീഡനങ്ങൾ സിനിമാ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലകളിലും നിലനിൽക്കുന്ന പ്രശ്നമാണെന്നും അവർ ചൂണ്ടിക്കാട്ടി.
Story Highlights: Kushboo Sundar responds to Hema Committee report, urges survivors to speak up