ഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ജയ് ഷാ എത്തുമ്പോൾ, ബിസിസിഐയുടെ തലപ്പത്തേക്ക് മറ്റൊരു ബിജെപി നേതാവിന്റെ മകൻ എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്തരിച്ച ബിജെപി നേതാവ് അരുൺ ജെയ്റ്റ്ലിയുടെ മകൻ രോഹൻ ജെയ്റ്റ്ലി ബിസിസിഐ സെക്രട്ടറിയാകുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായ രോഹൻ ജെയ്റ്റ്ലി കഴിഞ്ഞ വർഷമാണ് ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ബിസിസിഐ സെക്രട്ടറിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ അധ്യക്ഷനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. ഇനി പ്രഖ്യാപനത്തിന്റെ അകലം മാത്രമാണുള്ളതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനമൊഴിയുമ്പോൾ പകരം ആരെന്നതിലും ചർച്ചകൾ സജീവമാണ്.
അഭിഭാഷകനായ രോഹൻ ജെയ്റ്റ്ലിയുടെ പിതാവ് അരുൺ ജെയ്റ്റ്ലിയും മുൻപ് ഡൽഹി ക്രിക്കറ്റ് അസോസിയേഷനെ നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിന്റെ പേര് മാറ്റി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയമാക്കിയതും വലിയ ചർച്ചയായിരുന്നു. ഇപ്പോൾ രോഹൻ ജെയ്റ്റ്ലി ബിസിസിഐയുടെ സെക്രട്ടറിയാകുമെന്ന റിപ്പോർട്ടുകൾ ക്രിക്കറ്റ് ലോകത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Story Highlights: Rohan Jaitley, son of late BJP leader Arun Jaitley, likely to become BCCI secretary as Jay Shah moves to ICC chairman position