താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു. നാളെ നടത്താനിരുന്ന യോഗമാണ് മാറ്റിവച്ചത്. അമ്മ പ്രസിഡന്റായ മോഹൻലാലിന് യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് ഈ തീരുമാനം. മോഹൻലാലിന്റെ നേരിട്ടുള്ള സാന്നിധ്യം ആവശ്യമാണെന്ന് പറഞ്ഞതിനാലാണ് യോഗം മാറ്റിവച്ചത്.
അമ്മ ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖിനെതിരെ ഉയർന്ന ലൈംഗിക ആരോപണത്തെ തുടർന്നുള്ള രാജിക്കു പിന്നാലെയാണ് അടിയന്തരമായി അമ്മയോഗം നാളെ ചേരാനിരുന്നത്. പുതിയ ജനറൽ സെക്രട്ടറിയെ ഉടൻ തെരഞ്ഞെടുക്കേണ്ടതുണ്ട്. നിലവിൽ ജോയിന്റ് സെക്രട്ടറി ബാബുരാജാണ് ജനറൽ സെക്രട്ടറിയുടെ ചുമതലകൾ നിർവഹിക്കുന്നത്. ഈ ആഴ്ച തന്നെ എക്സിക്യൂട്ടീവ് യോഗം ചേരുമെന്നാണ് റിപ്പോർട്ട്.
ഇതിനിടെ, ആരോപണങ്ങളിൽ കൂടുതൽ പരിശോധന നടത്താൻ സർക്കാർ ഏഴംഗ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചു നിന്നാൽ കേസെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതോടെ പൂർണമായും നിയമ വഴിയിൽ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. സിനിമാ ചിത്രീകരണം പൂർത്തിയാക്കി സിദ്ദിഖ് ഊട്ടിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ മടങ്ങി എത്തുമെന്നാണ് വിവരം.
Story Highlights: AMMA executive committee meeting postponed due to Mohanlal’s unavailability