സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവെച്ചതിനെ തുടർന്ന് പ്രതികരണവുമായി രംഗത്തെത്തി. ബംഗാളി നടി ശ്രീലേഖ മിത്രയുടെ പ്രസ്താവന പരസ്പര വിരുദ്ധമാണെന്നും ആരോപണങ്ങളിൽ ഒരു ഭാഗം നുണയാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പേരിൽ സർക്കാരിനെ ആക്രമിക്കരുതെന്നും, താൻ ചെയർമാൻ സ്ഥാനം ഏറ്റെടുത്തതു മുതൽ ഒരു കൂട്ടം ആളുകൾ തനിക്കെതിരെ പ്രവർത്തിക്കുന്നുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങൾ നുണയാണെന്ന് തെളിയിക്കുമെന്നും പൊതുസമൂഹത്തെ അത് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സത്യം തെളിയിക്കാൻ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും കൂട്ടിച്ചേർത്തു. താൻ എന്ന വ്യക്തി കാരണം സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം ഏൽക്കരുതെന്ന് കരുതിയാണ് ഔദ്യോഗിക സ്ഥാനത്തുനിന്ന് ഒഴിയുന്നതെന്നും രാജി സ്വീകരിക്കാൻ സാംസ്കാരിക മന്ത്രിയോടും മുഖ്യമന്ത്രിയോടും അഭ്യർത്ഥിക്കുന്നതായും രഞ്ജിത്ത് പറഞ്ഞു.
അതേസമയം, രഞ്ജിത്തിന്റെ രാജിയിൽ പ്രതികരിച്ച് ബംഗാൾ നടി ശ്രീലേഖ മിത്രയും രംഗത്തെത്തി. രാജിയിൽ തനിക്ക് സന്തോഷമില്ലെന്നും തന്റെ വെളിപ്പെടുത്തൽ കാര്യങ്ങൾ ജനങ്ങളറിയാൻ വേണ്ടിയായിരുന്നുവെന്നും നടി പറഞ്ഞു. രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും, തന്നെ പരീക്ഷിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി. നിയമപരമായി രഞ്ജിത്ത് കുറ്റം ചെയ്തിട്ടില്ലെന്നും അദ്ദേഹം നല്ല സംവിധായകനാണെന്നും മലയാള സിനിമയ്ക്ക് നഷ്ടമുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ശ്രീലേഖ മിത്ര കൂട്ടിച്ചേർത്തു.
Story Highlights: Director Ranjith responds to allegations after resigning as Kerala State Chalachitra Academy Chairman