സിനിമാ മേഖലയിൽ പുറത്തുവന്ന ആരോപണങ്ങളിൽ അമ്മ സംഘടന ശക്തമായി ഇടപെടണമെന്ന് നടി ഉർവശി ആവശ്യപ്പെട്ടു. സിദ്ദിഖിന്റെ ഒഴുക്കൻ മട്ടിലുള്ള മറുപടി ശരിയായില്ലെന്നും, ആരോപണങ്ങളിൽ ആദ്യം നടപടിയെടുക്കേണ്ടത് അമ്മ സംഘടനയാണെന്നും അവർ ചൂണ്ടിക്കാട്ടി. പരാതിക്കാരായ സ്ത്രീകൾക്കൊപ്പം നിൽക്കുമെന്നും, പരാതി ഉള്ളവർ മുന്നോട്ട് വരണമെന്നും ഉർവശി പറഞ്ഞു. അമ്മ ഉടൻ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
ഹേമകമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടി ഗായത്രി വർഷയും രംഗത്തുവന്നു. തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. എതിർത്തതുകൊണ്ടാണ് പല അവസരങ്ങളും നഷ്ടമായതെന്നും, പരാതിപ്പെട്ടിട്ടും കാര്യമില്ലെന്നും നടി പറഞ്ഞു. സംവിധായകൻ രഞ്ജിത്തിനെതിരായ ആരോപണം അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, ബംഗാളി നടിയുടെ ആരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാൽ നടിയുടേത് ആരോപണം മാത്രമാണെന്നും രേഖാമൂലം പരാതി കിട്ടിയാലേ സർക്കാരിന് നടപടിയെടുക്കാനാകൂ എന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.
Story Highlights: Actress Urvashi calls for strong intervention by AMMA in recent allegations in film industry