സിനിമയിലെ ചൂഷണം ഒറ്റപ്പെട്ട സംഭവമല്ല; പരാതി നല്‍കാന്‍ പലരും ഭയപ്പെടുന്നു: അന്‍സിബ ഹസന്‍

Anjana

Ansiba Hassan cinema exploitation

സിനിമാ മേഖലയിലെ ചൂഷണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് അമ്മ എക്‌സിക്യൂട്ടീവ് അംഗം അന്‍സിബ ഹസന്‍ വ്യക്തമാക്കി. ട്വന്റിഫോറിനോട് സംസാരിക്കവേ, പരാതി നല്‍കിയാല്‍ ഉപജീവനം പ്രതിസന്ധിയിലാകുമോ എന്ന ഭയം പലരിലും നിലനില്‍ക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ശ്രീലേഖ മിത്രയ്ക്കുണ്ടായ മോശം അനുഭവം തന്നെ ഏറെ വേദനിപ്പിച്ചതായും അന്‍സിബ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സിനിമാ മേഖലയില്‍ പവര്‍ ടീമുള്ളതായി തനിക്കറിയില്ലെന്നും അവര്‍ വ്യക്തമാക്കി.

അമ്മയ്ക്കുള്ളില്‍ ഭിന്നതയുള്ളതായി തനിക്കറിയില്ലെന്ന് അന്‍സിബ പറഞ്ഞു. സിനിമാ മേഖലയില്‍ ലൈംഗിക അതിക്രമം ഒറ്റപ്പെട്ട സംഭവമല്ലെന്ന് പറയുമ്പോള്‍ സിനിമയിലെ എല്ലാവരും മോശക്കാരാണെന്ന് അതിന് അര്‍ത്ഥമില്ലെന്നും അവര്‍ വിശദീകരിച്ചു. അതേസമയം, ബംഗാളി നടിയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ നടിയുടേത് ആരോപണം മാത്രമാണെന്നും രേഖാമൂലം പരാതി കിട്ടിയാലേ സര്‍ക്കാരിന് നടപടിയെടുക്കാനാകൂ എന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.

Story Highlights: Ansiba Hassan comments on exploitation in cinema industry and Hema Committee report

Leave a Comment