ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതീക്ഷയില്ലെന്ന് നടൻ ഷമ്മി തിലകൻ 24നോട് വ്യക്തമാക്കി. സർക്കാർ റിപ്പോർട്ടിൽ നടപടിയെടുക്കില്ലെന്നും ഇരകൾ തെരുവിലിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുറത്തുവന്നത് ചെറിയ കാര്യങ്ങൾ മാത്രമാണെന്നും, വലിയ കാര്യങ്ങൾ ഇനിയും പുറത്തുവരാനുണ്ടെന്നും ഷമ്മി തിലകൻ പറഞ്ഞു. പവർ ഗ്രൂപ്പ് നേരത്തെ നിലനിന്നിരുന്നതായും, തന്നെയും അച്ഛനെയും വിലക്കിയത് ഒരേ സംഘമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
പരാതി പറയാനാകാതെ നിരവധി പേരുണ്ടെന്ന് ഷമ്മി തിലകൻ ചൂണ്ടിക്കാട്ടി. താര സംഘടനയെ കുറിച്ച് പ്രതികരിക്കാത്തത് ഭയം കൊണ്ടല്ല, വിലക്കിയതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ എന്ന അടിക്കുറിപ്പോടെ തിലകനോടൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.
മലയാള സിനിമാ മേഖലയിൽ നടക്കുന്ന പല കാര്യങ്ങളെ കുറിച്ചും തുറന്നു പറച്ചിലുകൾ നടത്തിയിട്ടുള്ള നടനാണ് തിലകൻ. താരസംഘടനയായ അമ്മയുടെ പല നിലപാടുകൾക്കെതിരെ ശക്തമായി എതിർപ്പ് അറിയിക്കുകയും അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 2010-ൽ സംഘടനയിൽ നിന്നും തിലകനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ പല സിനിമകളിലും തനിക്ക് വേഷങ്ങൾ നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.
Story Highlights: Actor Shammi Thilakan expresses lack of hope in Hema Committee Report, urges victims to protest