മലയാള സിനിമയിലെ ഒരു മമ്മൂട്ടി ചിത്രത്തില് അഭിനയിക്കാനെത്തിയപ്പോള് തനിക്കുണ്ടായ നടുക്കുന്ന അനുഭവം ബംഗാളി നടി ശ്രീലേഖ മിത്ര ട്വന്റിഫോറുമായി പങ്കുവച്ചു. സംവിധായകന് തന്റെ സമ്മതമില്ലാതെ ശരീരത്തില് സ്പര്ശിക്കാന് ശ്രമിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും അവര് വെളിപ്പെടുത്തി. ഈ സംഭവത്തെ തുടര്ന്ന് മുറിയില് നിന്ന് ഇറങ്ങിപ്പോയ തനിക്ക് തിരികെ പോകാനുള്ള പണം പോലും നിര്മാതാക്കളില് നിന്ന് ലഭിച്ചില്ലെന്നും പിന്നീട് മലയാളത്തില് അഭിനയിച്ചിട്ടില്ലെന്നും ശ്രീലേഖ പറഞ്ഞു.
കൊച്ചിയില് വച്ചാണ് തനിക്ക് ഈ ദുരനുഭവമുണ്ടായതെന്ന് നടി വിവരിച്ചു. ചിത്രത്തിന്റെ പ്രതിഫലം, കഥാപാത്രം, വസ്ത്രങ്ങള് തുടങ്ങിയ കാര്യങ്ങള് സംസാരിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സംവിധായകന് ആദ്യം തന്റെ വളകളില് തൊടാന് തുടങ്ങിയെന്നും പിന്നീട് മുടിയിഴകളില് തലോടാനും കഴുത്തിനരികിലേക്ക് സ്പര്ശനം നീട്ടാനും ശ്രമിച്ചെന്നും അവര് പറഞ്ഞു. ഇതോടെ പെട്ടെന്ന് മുറിയില് നിന്നിറങ്ങി ടാക്സി പിടിച്ച് രക്ഷപ്പെട്ടതായും ആ രാത്രി വല്ലാതെ ഭയപ്പെട്ടാണ് കേരളത്തില് കഴിച്ചുകൂട്ടിയതെന്നും നടി വെളിപ്പെടുത്തി.
സിനിമയിലേക്ക് ക്ഷണിച്ചയാളെ ബന്ധപ്പെട്ട് റിട്ടേണ് ടിക്കറ്റിനുള്ള പണം ആവശ്യപ്പെട്ടിട്ട് അത് നല്കാന് പോലും ആരും തയാറായില്ലെന്ന് ശ്രീലേഖ പറഞ്ഞു. സ്വന്തം പണമുപയോഗിച്ച് ടിക്കറ്റെടുത്താണ് മടങ്ങിയതെന്നും പിന്നീട് മലയാളത്തില് അഭിനയിക്കാന് വരികയോ കേരളത്തിലേക്ക് എത്തുകയോ ചെയ്തിട്ടില്ലെന്നും അവര് കൂട്ടിച്ചേര്ത്തു. ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്റെ പശ്ചാത്തലത്തില് സിനിമാ മേഖലയ്ക്കുള്ളില് നടക്കുന്ന തൊഴില്, ലൈംഗിക ചൂഷണങ്ങളുടെ കാണാപ്പുറങ്ങള് തേടുന്ന ട്വന്റിഫോറിന്റെ പ്രത്യേക ലൈവത്തോണിലായിരുന്നു ബംഗാളി നടിയുടെ ഈ വെളിപ്പെടുത്തല്.
Story Highlights: Bengali actress Sreelekha Mitra reveals harassment by Malayalam director during Mammootty film shoot