ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും സംവിധായകയുമായ രേവതി. ഇത് ചരിത്ര നിമിഷമാണെന്നും തങ്ങളുടെ ജോലി ഇനിയാണ് ആരംഭിക്കുന്നതെന്നും അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കമ്മിറ്റി റിപ്പോർട്ട് വായിച്ച് മനസിലാക്കി നടപ്പിലാക്കാൻ ശ്രമിക്കുമെന്നും സമൂഹത്തിൽ തങ്ങൾക്ക് ഐഡന്റിറ്റി നൽകിയ സിനിമാ വ്യവസായത്തിലെ സുരക്ഷിതത്വത്തിനും ഉന്നതിക്കും വേണ്ടിയുള്ള പരിശ്രമം തുടരുമെന്നും രേവതി വ്യക്തമാക്കി.
റിപ്പോർട്ട് പൂർണമായി പുറത്തുവിടാനല്ല ഡബ്ല്യുസിസി ആവശ്യപ്പെട്ടതെന്ന് രേവതി നേരത്തെ പ്രതികരിച്ചിരുന്നു. മൊഴി കൊടുത്തവരുടെ സ്വകാര്യത പൂർണമായി സംരക്ഷിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അവർ പറഞ്ഞു. ആർക്കെങ്കിലുമെതിരെ ഭീഷണി വരാനോ ഭീഷണിപ്പെടുത്താനോ വേണ്ടിയല്ല റിപ്പോർട്ടെന്നും രേവതി വ്യക്തമാക്കി. തുടർ നടപടികളെക്കുറിച്ച് കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കേണ്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ മേഖലയെക്കുറിച്ച് നടത്തിയ ഒരു പഠനത്തിന്റെ റിപ്പോർട്ടാണെന്നും ആ നിലയ്ക്ക് ഇതിനെ കാണണമെന്നും രേവതി അഭിപ്രായപ്പെട്ടു. ആർക്കെതിരെയും നിയമനടപടി സ്വീകരിക്കാനാകുമോയെന്ന് അറിയില്ലെന്നും ഭാവിയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ആലോചിക്കാൻ സഹായിക്കുന്ന പഠന റിപ്പോർട്ടായി ഇതിനെ പരിഗണിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാവരുടേയും സ്വകാര്യത മാനിക്കപ്പെടണമെന്നും റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി അംഗം ആവശ്യപ്പെട്ടെന്ന മുൻ മന്ത്രി എ കെ ബാലന്റെ പ്രസ്താവനയെക്കുറിച്ച് തനിക്കറിയില്ലെന്നും രേവതി വ്യക്തമാക്കി.
Story Highlights: Actress Revathy responds to Hema Committee Report on Malayalam film industry