കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ നാളെ നടക്കില്ല. പുഴയ്ക്കടിയിലെ കാഴ്ച്ച പരിമിതി മൂലം ഡൈവിങ് ബുദ്ധിമുട്ടാണെന്ന് ദൗത്യ സംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഷിരൂരിൽ ശക്തമായ മഴ പെയ്തിരുന്നു, ഇതും തിരച്ചിലിന് തടസ്സമാകുന്നു.
ഡ്രഡ്ജർ എത്തിച്ചതിന് ശേഷം മാത്രമേ പൂർണ തോതിലുള്ള തിരച്ചിൽ സാധ്യമാകൂവെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. എന്നാൽ, ഈ മാസം 22 ന് മാത്രമേ പുഴയിലെ മണ്ണ് നീക്കാനുള്ള ഡ്രഡ്ജർ എത്തിക്കാൻ കഴിയൂവെന്നാണ് ഡ്രഡ്ജിംഗ് കമ്പനിയുടെ പ്രതികരണം. ഇന്നലെ നടത്തിയ തിരച്ചിലിൽ, ആഴങ്ങളിൽ കണ്ടെത്തിയ അടയാള സൂചനകളുടെ ചുവട് പിടിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് ലോറിയുണ്ടോ എന്ന് ഉറപ്പിക്കാനായിരുന്നു ഈ ശ്രമം.
ഈശ്വർ മാൽപെ സംഘം നടത്തിയ തിരച്ചിലിൽ വലിയ ലോഹഭാഗങ്ങളും അർജുൻ ഓടിച്ച ലോറിയിലെ കയറിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ, കണ്ടെത്തിയ ലോഹ ഭാഗങ്ങൾ അർജുന്റെ ലോറിയുടേതല്ലെന്ന് അദ്ദേഹത്തിന്റെ സഹോദരി ഭർത്താവ് സ്ഥിരീകരിച്ചു. മാർക്ക് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാൻ തിങ്കളാഴ്ചയോടെ ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ ജില്ലാ ഭരണകൂടം ആദ്യം തീരുമാനിച്ചിരുന്നെങ്കിലും, സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തികരിക്കാൻ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും എടുക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ വ്യക്തമാക്കി.
Story Highlights: Search for missing Malayalam driver Arjun in Shirur landslide suspended due to visibility issues and heavy rain