സൗദി അറേബ്യ അടുത്ത വർഷം ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമരുളാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിരിക്കുകയാണ്. ‘ഗസ്റ്റ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാം’ എന്ന നിലവിലെ പദ്ധതിയുടെ ഭാഗമായി ഇസ്ലാമികകാര്യ മന്ത്രാലയവും ഇരുഹറം കാര്യാലയ അതോറിറ്റിയും ചേർന്നാണ് ഈ പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. 2030ഓടെ മൂന്ന് കോടി തീർഥാടകർ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ഒരു പ്രധാന ചുവടുവെപ്പാണിത്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിവർഷം മൂന്ന് കോടി തീർഥാടകർക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുംവിധം സംവിധാനങ്ങളും സൗകര്യങ്ങളും സേവനങ്ങളും വികസിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിലും ഡിജിറ്റലൈസ് ചെയ്യുന്നതിലും സേവനങ്ങൾ ഉയർന്ന നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. മക്ക മസ്ജിദുൽ ഹറാമിലെത്തുന്ന തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും മുഴുവൻ യാത്രയിലും സുഗമമായ അനുഭവം പ്രദാനം ചെയ്യുന്നതിനുമായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും.
അടുത്ത വർഷം മക്ക, മദീന എന്നിവിടങ്ങളിലെ 15 ഇസ്ലാമിക, സാംസ്കാരിക ചരിത്രസ്ഥലങ്ങളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും പൂർത്തിയാക്കുമെന്ന് 2023ലെ ഗസ്റ്റ്സ് ഓഫ് ഗോഡ് സർവിസ് പ്രോഗ്രാമിന്റെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 2030ഓടെ പുനരുദ്ധരിക്കുന്ന ഇസ്ലാമിക, സാംസ്കാരിക ചരിത്രസ്ഥലങ്ങളുടെ എണ്ണം 40 ആയി ഉയർത്തും. ഇതിലൂടെ സമ്പന്നമായ സാംസ്കാരികവും ആത്മീയവുമായ അനുഭവങ്ങളിലേക്കുള്ള ഒരു കവാടമായി രാജ്യത്തെ മാറ്റുകയാണ് ലക്ഷ്യം.
Story Highlights: Saudi Arabia plans to host 1.5 crore Umrah pilgrims next year with enhanced facilities and services