വയനാട് ഉരുൾപൊട്ടൽ മേഖലയിൽ വിദഗ്ധ സംഘം പരിശോധന നടത്തുന്നു. ദേശീയ ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ദുരന്തമേഖല സന്ദർശിച്ചത്. മൂന്ന് ദിവസത്തേക്ക് അവിടെ പരിശോധന നടത്തും.
വിദഗ്ധസംഘം പ്രദേശത്തെ അപകട സാധ്യത വിലയിരുത്തുകയും ഭൂവിനിയോഗത്തിന് ശുപാർശ നൽകുകയും ചെയ്യും. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ദുരന്തഭൂമിയിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കും. സുരക്ഷിതമായ ഇടങ്ങളും അല്ലാത്തവയും കണ്ടെത്തും. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം മുതൽ താഴെതലം വരെ പരിശോധിക്കും.
ദുരന്തം എങ്ങനെ സംഭവിച്ചുവെന്ന് പരിശോധിക്കുകയും അനുവദിച്ച സമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും. സർക്കാർ പുനരധിവാസത്തിനായി നിർമ്മിക്കുന്ന ടൗൺഷിപ്പ് സ്ഥലവും സന്ദർശിക്കും. വിശദമായ പരിശോധന നടത്തുമെന്ന് ജോൺ മത്തായി വ്യക്തമാക്കി.
അതേസമയം, ഉരുൾപൊട്ടൽ മേഖലയിൽ തിരച്ചിൽ തുടരുകയാണ്. ചാലിയാറിൽ ജനകീയ പങ്കാളിത്തത്തോടെ ഇന്ന് തിരച്ചിൽ നടത്തും. ഇരുട്ടുകുത്തി മുതൽ പരപ്പൻപാറ വരെ വനത്തിനുള്ളിൽ സംഘങ്ങളായി തിരച്ചിൽ നടത്തും. ചാലിയാറിന്റെ ഇരുകരകളിലുമായി താഴെ പൂക്കോട്ടുമണ്ണകടവ് വരെയും തിരച്ചിൽ നടത്തും.
Story Highlights: Expert team inspects Wayanad landslide area, assesses risk and recommends land use.
Image Credit: twentyfournews