വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ പ്രവർത്തനങ്ങൾ ഇന്നും തുടരും. സൂചിപ്പാറയിലും പരപ്പൻപാറ മേഖലയിലും മൃതദേഹവശിഷ്ടങ്ങൾ കണ്ടെത്തിയതിനാൽ, സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും അടങ്ങുന്ന സംഘം ഈ പ്രദേശങ്ങളിലായിരിക്കും പ്രധാനമായും തിരച്ചിൽ നടത്തുക.
ഇന്നലെ നടന്ന ജനകീയ തിരച്ചിലിൽ പലതരം സാധനസാമഗ്രികളും വീണ്ടെടുക്കാൻ സാധിച്ചിട്ടുണ്ട്. അതേസമയം, രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് വീണ്ടെടുക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. മൃതദേഹവശിഷ്ടങ്ങളും മൃതദേഹങ്ങളും ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നതിനാൽ, തിരച്ചിൽ പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കില്ലെന്ന് മന്ത്രിമാർ സൂചിപ്പിച്ചു.
ചാലിയാറിൽ ഇന്ന് വിശദമായ പരിശോധന നടക്കും. മുണ്ടേരി ഫാമിൽ നിന്ന് പരപ്പൻപാറ വരെയുള്ള പ്രദേശങ്ങളിലായിരിക്കും തിരച്ചിൽ പ്രവർത്തനങ്ങൾ നടക്കുക. അഞ്ച് സെക്ടറുകളായി തിരിച്ചാണ് ഇന്ന് തിരച്ചിൽ നടക്കുന്നത്. വിവിധ സേനാവിഭാഗങ്ങൾ രാവിലെ 7 മണിക്ക് മുണ്ടേരി ഫാം ഏരിയയിൽ നിന്നും തിരച്ചിൽ ആരംഭിക്കും. ചാലിയാർ മുഴുവൻ വിശദമായി പരിശോധിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.
ജനകീയ തിരച്ചിലിൽ നാട്ടുകാർ നല്ല നിലയിൽ സഹായിച്ചുവെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ജനങ്ങളുടെ ആശയമാണ് ജനകീയ തിരച്ചിലെന്നും വൈകാരികബന്ധം ഈ തിരച്ചിലിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Wayanad landslide: Search operations continue for missing persons, recovery camps held for lost documents
Image Credit: twentyfournews