വയനാട്ടിലെ ദുരന്തത്തിൽ അനാഥരായ കുട്ടികളെ ദത്തെടുക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. അമ്മയും അച്ഛനും നഷ്ടപ്പെട്ടത് വളരെ ചുരുക്കം കുഞ്ഞുങ്ങൾക്ക് മാത്രമാണെന്നും, അവരെല്ലാം ബന്ധുക്കളുടെ സംരക്ഷണയിലാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളെ ഏറ്റെടുക്കാമെന്ന് പറയുന്നത് ഹൃദയവിശാലത കൊണ്ടാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി, അതിന് പ്രത്യേക നന്ദിയും അറിയിച്ചു.
അതേസമയം, വയനാട് ഉരുൾപൊട്ടലിന് ഇരയായ എല്ലാ കുടുംബങ്ങളുടെയും പുനരധിവാസം സർക്കാർ ഉറപ്പാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലും കുടുംബവീടുകളിലും ആശുപത്രിയിലും കഴിയുന്നവർ ഉൾപ്പെടെ അർഹരായ എല്ലാവർക്കും സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടാൻ ദുരിതാശ്വാസ ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്യണമെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.
ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ നിന്നുള്ള കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുനരധിവാസ പാക്കേജ് തയ്യാറാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ക്യാമ്പുകളിൽ കഴിയുന്നവരുടെ താൽക്കാലിക പുനരധിവാസത്തിനാണ് സർക്കാർ ഇപ്പോൾ മുൻഗണന നൽകുന്നത്. ഇതിനായി ത്രിതല പഞ്ചായത്ത് പരിധിയിലുള്ള ഒഴിഞ്ഞുകിടക്കുന്ന വീടുകൾ, ക്വാർട്ടേഴ്സുകൾ, ഫ്ലാറ്റുകൾ, ഹോസ്റ്റലുകൾ എന്നിവ കണ്ടെത്തി അറിയിക്കാൻ തദ്ദേശസ്ഥാപന അധ്യക്ഷൻമാർക്കും സെക്രട്ടറിമാർക്കും മന്ത്രിസഭാ സമിതി നിർദേശം നൽകിയിട്ടുണ്ട്.
Story Highlights: Kerala Health Minister Veena George clarifies no immediate need for adoption of orphaned children in Wayanad landslide
Image Credit: twentyfournews