ബംഗ്ലാദേശിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ സൈന്യം ഭരണം ഏറ്റെടുത്തു. സൈനിക മേധാവി വാകർ ഉസ് സമാൻ രാജ്യത്തോടായി നടത്തിയ പ്രസംഗത്തിൽ, രാജ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ഇടക്കാല സർക്കാർ ഉടൻ രൂപീകരിക്കുമെന്നും അറിയിച്ചു. രാജ്യം വളരെയേറെ കഷ്ടപ്പാടുകൾ നേരിട്ടതായും സമ്പദ് വ്യവസ്ഥ തകർന്നതായും നിരവധി ആളുകൾ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. അക്രമം അവസാനിപ്പിക്കേണ്ട സമയമാണിതെന്നും സൈനിക മേധാവി ആവശ്യപ്പെട്ടു.
വിദ്യാർഥികളോട് ശാന്തരാകാനും പുതിയ സർക്കാരിനോട് സഹകരിക്കാനും സൈനിക മേധാവി ആഹ്വാനം ചെയ്തു. ആഴ്ചകളോളം നീണ്ട പ്രക്ഷോഭത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇടക്കാല സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രസിഡന്റ്, വിവിധ രാഷ്ട്രീയ പാർട്ടികൾ, സിവിൽ സൊസൈറ്റി അംഗങ്ങൾ എന്നിവരുമായി സംസാരിച്ചതായി വാകർ ഉസ് സമാൻ വ്യക്തമാക്കി. എന്നാൽ ഷേഖ് ഹസീനയുടെ അവാമി ലീഗുമായി ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. തിങ്കളാഴ്ച വൈകുന്നേരം 5.36-ന് ഗാസിയാബാദിലെ ഹിന്ഡന് വ്യോമതാവളത്തിൽ സൈനിക വിമാനം ലാൻഡ് ചെയ്തു. വ്യോമസേനാ ഉദ്യോഗസ്ഥർ 76 വയസ്സുള്ള ഹസീനയെ സ്വീകരിച്ചു. ബംഗ്ലാദേശിൽ പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്ന് സഹോദരിക്കൊപ്പം രാജ്യം വിട്ട ഹസീന ഉടൻ തന്നെ ലണ്ടനിലേക്ക് പോയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Story Highlights: Bangladesh army takes control, announces interim government as PM Sheikh Hasina flees amid protests
Image Credit: twentyfournews