സംസ്ഥാന സർക്കാർ ‘റീ ബിൽഡ് വയനാട്’ പദ്ധതിക്കായി സാലറി ചലഞ്ച് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സർവീസ് സംഘടനകളുടെ യോഗത്തിൽ പുനരധിവാസത്തിനായി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് നിർദേശിച്ചു. പത്ത് ദിവസത്തെ ശമ്പളം നൽകാമോ എന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോൾ, അഞ്ച് ദിവസത്തെ ശമ്പളം നൽകാൻ സംഘടനകൾ സമ്മതിച്ചു. എന്നാൽ, സാലറി ചലഞ്ച് നിർബന്ധമാക്കരുതെന്നും താൽപര്യമുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു. ദുരന്ത മേഖലയിലെ തിരച്ചിൽ ഊർജിതമാക്കാനും, സഹായം ലഭ്യമാകാൻ സാധ്യതയുള്ള എല്ലാ ഇടങ്ങളിൽ നിന്നും സ്വീകരിക്കാനും തീരുമാനിച്ചു. ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് കൂടുതൽ പണം ആവശ്യപ്പെടുമെന്നും, പുനരധിവാസത്തിന് കേന്ദ്രസഹായം അനിവാര്യമാണെന്നും യോഗത്തിൽ വിലയിരുത്തി.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം വീണ്ടും ആവശ്യപ്പെടും. എൽ 3 വിഭാഗത്തിലെ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെടുക. ഏറ്റവും തീവ്രത ഏറിയ ദുരന്തം എന്ന നിലയ്ക്ക് പരിഗണന വേണമെന്നും ആവശ്യം ഉന്നയിക്കും. അങ്ങനെയാണെങ്കിൽ ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് ആകെ വേണ്ട തുകയുടെ 75% ലഭിക്കുമെന്നും യോഗത്തിൽ വിലയിരുത്തി. ചാലിയാറിലും തിരച്ചിൽ ഊർജിതമായി നടപ്പാക്കുമെന്നും, പൊളിഞ്ഞ് വീഴാൻ സാധ്യതയുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കാനും തീരുമാനിച്ചു.
Story Highlights: Kerala government launches salary challenge for ‘Rebuild Wayanad’ initiative
Image Credit: twentyfournews