ബംഗ്ലാദേശിൽ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതായി റിപ്പോർട്ടുകൾ. ഔദ്യോഗിക വസതിയിൽ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയ ഹസീന, ഹെലികോപ്റ്ററിൽ ധാക്ക വിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ധാക്ക വിടുന്നതിനു മുൻപ് പ്രസംഗം റെക്കോർഡ് ചെയ്യാൻ ഷെയ്ഖ് ഹസീന ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.
പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ധാക്കയിലെ സെൻട്രൽ സ്ക്വയറിൽ എത്തിയിരിക്കുകയാണ്. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സാഹചര്യം മോശമാണെന്ന് ബംഗ്ലാദേശ് നിയമമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
സർക്കാർ ജോലിയിലെ സംവരണ വിഷയത്തിൽ തുടങ്ങിയ പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. ദിവസങ്ങൾക്കു മുൻപ് നടന്ന സംഘർഷങ്ങളിൽ ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇന്ന് സൈനിക മേധാവി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
Story Highlights: Bangladesh Prime Minister Sheikh Hasina resigns amid intense protests
Image Credit: twentyfournews