പാരിസ് ഒളിമ്പിക്സിലെ പുരുഷന്മാരുടെ 100 മീറ്റർ ഫൈനലിൽ അമേരിക്കൻ താരം നോഹ ലൈൽസ് സ്വർണം നേടി. 9.79 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ലൈൽസ് സുവർണനേട്ടം സ്വന്തമാക്കിയത്. ജമൈക്കയുടെ കിഷെൻ തോംസൺ 1/5000 സെക്കൻ്റ് വ്യത്യാസത്തിൽ വെള്ളി മെഡൽ നേടി. അമേരിക്കയുടെ ഫ്രെഡ് കെർളി 9.81 സെക്കൻ്റിൽ മൂന്നാമതെത്തി വെങ്കലം സ്വന്തമാക്കി.
ഇരുപത് വർഷത്തിന് ശേഷമാണ് അമേരിക്കയിൽ നിന്നും പുരുഷൻമാരുടെ നൂറു മീറ്ററിൽ ഒരു ലോകചാമ്പ്യൻ ഉണ്ടായിരിക്കുന്നത്. നോഹയുടെ ആദ്യ ഒളിമ്പിക് സ്വർണ മെഡലാണിത്. ടോക്യോ ഒളിമ്പിക്സിൽ 200 മീറ്ററിൽ വെങ്കലം നേടിയിരുന്നു ലൈൽസ്. പാരിസ് ഒളിമ്പിക്സിലെ വേഗമേറിയ താരമായി നോഹ ലൈൽസ് മാറിയിരിക്കുകയാണ്.
പാരിസ് ഒളിംപിക്സിൽ നിലവിൽ 19 സ്വർണവും 26 വെള്ളിയും 26 വെങ്കലവും ഉൾപ്പടെ 71 മെഡലുകളുമായി അമേരിക്കയാണ് പോയിന്റ് ടേബിളിൽ ഒന്നാമത്. 19 സ്വർണവും 15 വെള്ളിയും 11 വെങ്കലവും ഉൾപ്പടെ 45 മെഡലുകൾ സ്വന്തമാക്കി ചൈന രണ്ടാം സ്ഥാനത്തുണ്ട്. 12 സ്വർണവും 14 വെള്ളിയും 18 വെങ്കലവുമായി ഫ്രാൻസാണ് മൂന്നാം സ്ഥാനത്ത്. മൂന്ന് വെങ്കല മെഡൽ നേട്ടങ്ങളോടെ ഇന്ത്യ ഇപ്പോൾ 57-ാമതാണ്.
Story Highlights: American Noah Lyles wins gold in 100m sprint at Paris Olympics
Image Credit: twentyfournews