വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ തിരിച്ചറിയാനാകാത്ത എട്ട് മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളം ഭൂമിയിൽ സംസ്കരിച്ചു. സർവമത പ്രാർത്ഥനകൾക്ക് ശേഷമാണ് മൃതദേഹങ്ങൾ സംസ്കാരം നടത്തിയത്. മേപ്പാടി കമ്യൂണിറ്റി ഹാളിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് നടപടികൾക്ക് ശേഷം പുത്തുമലയിൽ സംസ്കരിച്ചത്. പത്തടിയോളം താഴ്ചയിൽ കുഴികൾ ഒരുക്കിയ സ്ഥലത്താണ് കൂട്ട സംസ്കാരം നടന്നത്.
മന്ത്രിമാരായ എംബി രാജേഷ്, എകെ ശശീന്ദ്രൻ, കെ രാജൻ എന്നിവർ പുത്തുമലയിൽ എത്തിയിരുന്നു. സംസ്കാര ചടങ്ങുകൾ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു നടന്നത്. മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള 64 സെന്റ് സ്ഥലം ഹാരിസൺ മലയാളത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ ഡി.എൻ.എ സാമ്പിൾ, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ എടുത്ത് വെക്കണമെന്ന് നിർദേശം നൽകിയിരുന്നു.
ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയിൽ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തിൽ ഇപ്പോൾ ശേഖരിക്കുന്ന രക്തസാമ്പിളുകളും ഡി.എൻ.എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും.
Story Highlights: Unidentified bodies from Wayanad landslide cremated in Puthumala
Image Credit: twentyfournews