കർണാടകയിലെ ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിൽ വീണ്ടും അനിശ്ചിതത്വം നിലനിൽക്കുന്നു. ഗംഗാവലി പുഴയിൽ വലിയ അടിയൊഴുക്ക് അനുഭവപ്പെടുന്നതിനാൽ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയ്ക്ക് തിരച്ചിൽ നടത്താനുള്ള അനുമതി ലഭിച്ചിട്ടില്ല. എന്നിരുന്നാലും, മഴയുണ്ടെങ്കിലും ഇന്ന് ഗംഗാവലിയിൽ തിരച്ചിൽ നടത്താൻ താൻ തയാറാണെന്ന് ഈശ്വർ മാൽപെ അറിയിച്ചിട്ടുണ്ട്.
മഴ പെയ്യുന്നുണ്ടെങ്കിലും ഉച്ചയ്ക്ക് രണ്ട് മണിവരെ പുഴയിലിറങ്ങി തിരച്ചിൽ നടത്താൻ മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലെന്നാണ് ഈശ്വർ മാൽപെയുടെ വിലയിരുത്തൽ. എന്നാൽ, പൊലീസ് നിർദേശം വകവയ്ക്കാതെ പുഴയിലിറങ്ങാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എംഎൽഎയുടെ വിളിയെ തുടർന്നാണ് താൻ ഇവിടെയെത്തിയതെന്നും അധികൃതരുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഈശ്വർ മാൽപെ അറിയിച്ചു.
മഴ മാറുമ്പോൾ തിരച്ചിൽ പുനരാരംഭിക്കാമെന്നാണ് മാൽപെ സംഘം പ്രതീക്ഷിക്കുന്നത്. പുലർച്ചെയോടെ തന്നെയെത്തി സംഘം സ്ഥിതിഗതികൾ വിലയിരുത്തി വരികയായിരുന്നു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയോടെ അർജുന്റെ കോഴിക്കോട്ടെ വീട് സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും അർജുന്റെ ബന്ധുക്കളോട് സംസാരിച്ച് സഹായം ഉറപ്പുനൽകിയിരുന്നു.
Story Highlights: Uncertainty in Shirur mission to find missing Malayali driver Arjun due to strong undercurrents in Gangavali river
Image Credit: twentyfournews