കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമേഖല സന്ദർശിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ അദ്ദേഹം, ചൂരൽമലയും മുണ്ടക്കൈയും സന്ദർശിക്കുമെന്ന് അറിയിച്ചു. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കുമെന്നും കേന്ദ്രസർക്കാർ എല്ലാ കാര്യങ്ങളും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിർദേശത്തെ തുടർന്നാണ് സുരേഷ് ഗോപി ദുരന്തമുഖത്തെത്തിയത്. നേരിൽ കണ്ട് മനസിലാക്കുന്ന എല്ലാ കാര്യങ്ങളും കേന്ദ്രസർക്കാരിനെ അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തെ അതിജീവിച്ചുവന്ന മനുഷ്യരുടെ മാനസികാരോഗ്യത്തിനും അവരുടെ പുനരധിവാസത്തിനുമാണ് ഇപ്പോൾ മുൻഗണന നൽകേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
ദുരന്തം നാശം വിതച്ച മുണ്ടക്കൈയും ചൂരൽമലയും സന്ദർശിച്ച ശേഷം മേപ്പാടിയിലെ മിലിറ്ററി ക്യാമ്പിൽ സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കും. പൊതുശ്മശാനത്തിൽ സംസ്കാരം നടക്കുന്നിടത്തും സന്ദർശനം നടത്തിയ ശേഷം മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും എത്തും. ഉച്ചയ്ക്ക് ശേഷം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Story Highlights: Union Minister Suresh Gopi visits Wayanad landslide-affected areas, assesses situation
Image Credit: twentyfournews