മുണ്ടക്കൈ ദുരന്തത്തിൽ അകപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനായി മുസ്ലിം ലീഗ് ആരംഭിച്ച ധനസമാഹരണം 3 കോടി രൂപ പിന്നിട്ടു. സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ചേർന്ന് പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയാണ് ഫണ്ട് സമാഹരണം നടക്കുന്നത്. തിരുനാവായ സ്വദേശി ബാബുവാണ് ആദ്യ ഫണ്ടായി 50 ലക്ഷം രൂപ നൽകിയത്. ഈ വിവരം സാദിഖ് അലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.
വയനാട്ടിലെ ഉരുൾപൊട്ടൽ മനസ് വേദനിപ്പിക്കുന്നതാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. വിവിധയിടങ്ങളിലും വയനാട്ടിലും മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘വയനാടിന്റെ കണ്ണീരൊപ്പാൻ’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഓഗസ്റ്റ് രണ്ട് മുതൽ 15 വരെയാണ് ധനസമാഹരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
പുനരധിവാസത്തിനായി സമഗ്രമായ പദ്ധതിയാണ് തീരുമാനിച്ചിരിക്കുന്നത്. ഭവന പദ്ധതി, വിദ്യാഭ്യാസം, ചികിത്സ, തൊഴിൽ തുടങ്ങി വിവിധ മേഖലകളിൽ സഹായം നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് വലിയ തുക ആവശ്യമാണെന്നും അതിനാൽ എല്ലാവരും ഈ പദ്ധതിക്കൊപ്പം നിൽക്കണമെന്നും സാദിഖലി തങ്ങൾ അഭ്യർത്ഥിച്ചു. ധനശേഖരണത്തിനായി ആപ്ലിക്കേഷൻ പുറത്തിറക്കി ഒരു ദിവസം പൂർത്തിയാക്കുന്നതിന് മുമ്പെയാണ് 3 കോടി രൂപ പിന്നിട്ടിരിക്കുന്നത്.
Story Highlights: Muslim League raises over 3 crore rupees for Wayanad landslide victims’ rehabilitation
Image Credit: twentyfournews