ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ വളർത്തു മൃഗങ്ങൾക്ക് ആശ്വാസമായി. മൃഗസംരക്ഷണ വകുപ്പ് ഈ മൃഗങ്ങളെ സംരക്ഷിക്കാൻ മുന്നോട്ടുവന്നിരിക്കുകയാണ്. പരുക്കേറ്റ മൃഗങ്ങൾക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം, അവയെ ഏറ്റെടുക്കാൻ തയ്യാറുള്ള സമീപപ്രദേശങ്ങളിലെ ക്ഷീര കർഷകരെ ഏൽപ്പിക്കും. ചൂരൽമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കൺട്രോൾ റൂമാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
മൃഗങ്ങളെ ഏറ്റെടുക്കുന്ന ക്ഷീരകർഷകരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തും. നിലവിൽ എൻജിഒകളും വോളണ്ടിയർമാരും മുഖേന മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും ജലവും ലഭ്യമാക്കുന്നുണ്ട്. ചൂരൽമല, മുണ്ടക്കൈ തുടങ്ങിയ ദുരന്ത ബാധിത സ്ഥലങ്ങളിൽ നിന്നും കണ്ടെത്തുന്ന വളർത്തു മൃഗങ്ങളെയും പക്ഷികളെയും കൺട്രോൾ റൂമിൽ എത്തിച്ച് തുടർനടപടി സ്വീകരിക്കും. കഴിഞ്ഞദിവസം ദുരന്തസ്ഥലത്തുനിന്നും ലഭിച്ച രണ്ട് നായക്കുട്ടികളെ മിലിട്ടറിക്കും പോലിസ് സ്പെഷ്യൽ ഡിഫെൻസ് ഗ്രൂപ്പിനും കൈമാറിയിരുന്നു.
വെറ്ററിനറി ഡോക്ടർമാരും ഫീൽഡ് ഓഫീസർമാരും ഉൾപ്പെടുന്ന സംഘം രണ്ട് ബാച്ചുകളിലായാണ് പ്രവർത്തിക്കുന്നത്. ഫയർ ഫോഴ്സിന്റെ സഹായത്തോടെ ചെറിയ മൃഗങ്ങളെ കൂടുകളിലാക്കിയും വലിയ മൃഗങ്ങളെ ആംബുലൻസിൽ കയറ്റിയും മേപ്പാടിയിലെ പഞ്ചായത്ത് ഹോസ്പിറ്റലിൽ എത്തിക്കുന്നു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ചത്ത മൃഗങ്ങളെ പോസ്റ്റ്മോർട്ടം ചെയ്യേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ഡോ. രാജേഷ് അറിയിച്ചു. സംഭവസ്ഥലത്തു നിന്നും ലഭിക്കുന്ന മൃഗങ്ങളുടെ ശരീര ഭാഗങ്ങൾ മേപ്പാടിയിൽ നശിപ്പിക്കുന്നതിനും സജ്ജീകരണമായി.
Story Highlights: Animal Welfare Department rescues and rehabilitates animals affected by Wayanad landslide
Image Credit: twentyfournews