വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിനായി ജില്ലാതല മോണിറ്ററിംഗ് സംഘത്തെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എലിപ്പനി, വയറിളക്ക രോഗങ്ങൾ, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, ചിക്കൻ പോക്സ് എന്നിവയ്ക്കെതിരെ ജാഗ്രത പുലർത്താനും ക്യാമ്പുകൾ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഉരുൾപൊട്ടൽ സാഹചര്യത്തിൽ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ആശുപത്രികളിലെത്തിച്ച എല്ലാ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം ചെയ്തതായി മന്ത്രി അറിയിച്ചു. വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ഫോറൻസിക് സർജൻമാർ സ്ഥലത്തെത്തിയിട്ടുണ്ട്. മേപ്പാടിയിൽ രണ്ടിടത്തും നിലമ്പൂർ ആശുപത്രിയിലും പോസ്റ്റ്മോർട്ടം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 140 മൊബൈൽ ഫ്രീസറുകൾ ലഭ്യമാക്കിയിട്ടുണ്ട്. 210 മൃതദേഹങ്ങളും 135 ശരീര ഭാഗങ്ങളും കണ്ടെത്തിയതായും 343 പോസ്റ്റ്മോർട്ടങ്ങൾ നടത്തിയതായും മന്ത്രി വ്യക്തമാക്കി.
ചികിത്സ, ക്യാമ്പുകളിലുള്ളവരുടെ ആരോഗ്യം, മാനസികാരോഗ്യം, പകർച്ചവ്യാധി പ്രതിരോധം, പോസ്റ്റ്മോർട്ടം എന്നിവയാണ് ആരോഗ്യ വകുപ്പ് പ്രധാനമായും ഏകോപിപ്പിക്കുന്നത്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് ഡി.എൻ.എ. പരിശോധന നടത്തുന്നുണ്ട്. എല്ലാ ആശുപത്രികളിലും അധിക മരുന്നുകൾ ലഭ്യമാക്കിയിട്ടുണ്ട്. മാനസിക പിന്തുണയ്ക്കായി 123 കൗൺസിലർമാരെ നിയോഗിച്ചിട്ടുണ്ട്. ഗർഭിണികൾ, കുഞ്ഞുങ്ങൾ, വയോജനങ്ങൾ, രോഗികൾ എന്നിവരുടെ പരിചരണത്തിന് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Story Highlights: District level monitoring team appointed for epidemic prevention in Wayanad landslide aftermath
Image Credit: twentyfournews