ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ്യയുടെ ഭൗതിക ശരീരം ദോഹയിൽ ഖബറടക്കി; ആയിരങ്ങൾ പങ്കെടുത്തു

Anjana

Ismail Haniyeh funeral Qatar

തെഹ്റാനിലെ താമസസ്ഥലത്ത് കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയ-നയതന്ത്ര മേധാവി ഇസ്മയിൽ ഹനിയ്യയുടെ ഭൗതിക ശരീരം ദോഹയിൽ ആയിരങ്ങളുടെ സാന്നിധ്യത്തിൽ ഖബറടക്കി. ബുധനാഴ്ച ഇറാനിലെ തെഹ്റാനിൽ അംഗരക്ഷകനൊപ്പം കൊല്ലപ്പെട്ട ഹനിയ്യയുടെ മൃതദേഹം വ്യാഴാഴ്ച വൈകീട്ടോടെയാണ് ഖത്തറിലെത്തിച്ചത്. തെഹ്റാനിൽ പതിനായിരങ്ങൾ പങ്കെടുത്ത വിലാപയാത്രക്കും മയ്യിത്ത് നമസ്കാരത്തിനും ശേഷമായിരുന്നു മൃതദേഹം വഹിച്ചുള്ള വിമാനം ദോഹയിലേക്ക് പറന്നത്.

കനത്ത സുരക്ഷയ്‌ക്കിടയിൽ, വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് മുമ്പായി ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൾ അൽ വഹാബ് പള്ളിയിൽ ആയിരങ്ങൾ തടിച്ചുകൂടി. മണിക്കൂറുകൾക്ക് മുമ്പ് തന്നെ പള്ളി മുറ്റത്ത് ഒത്തുകൂടിയ ഖത്തറിലെ പലസ്തീൻ ജനത ഉൾപെടെയുള്ള ആയിരങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി ദോഹയിൽ താമസിച്ചിരുന്ന ഹനിയയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. കറുപ്പും വെളുപ്പും പച്ചയും ചുവപ്പും നിറഞ്ഞ പലസ്തീൻ പതാക പുതച്ചാണ് പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയ ജനാവലി പള്ളിയിലേക്കെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

20 വർഷത്തിലേറെയായി ഹമാസിന്റെ രാഷ്ട്രീയ മുഖമായിരുന്ന അദ്ദേഹത്തിന്റെ അന്ത്യയാത്രാ ചടങ്ങുകൾ പലസ്തീൻ ജനതയുടെ നിലയ്ക്കാത്ത പോരാട്ടത്തിനുള്ള ഐക്യദാർഢ്യം കൂടിയായിരുന്നു. ‘കഴിഞ്ഞ 300 ദിവസത്തിനുള്ളിൽ 40,000 പലസ്തീനികളെയാണ് ഇസ്രായേൽ കൊന്നൊടുക്കിയത്. അവരിൽ ഒരാളാണ് ഹനിയ്യ. ഈ വംശഹത്യയാൽ പൊലിഞ്ഞുപോയ ഓരോ ജീവനെയും ഞങ്ങൾ ഓർക്കും,’ ദോഹയിൽ താമസിക്കുന്ന ഫലസ്തീനിയായ അഹമ്മദ് അൽ ജസീറ ചാനലിനോട് പറഞ്ഞു. പലസ്തീൻ സ്വതന്ത്ര രാഷ്ട്രത്തിനും ഇസ്രായേൽ അധിനിവേശത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പലസ്തീൻ പോരാട്ടത്തിൽ ഇസ്മായിൽ ഹനിയ്യയുടെ പങ്ക് നിർണായകമായിരുന്നുവെന്ന് മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാനെത്തിയവർ അഭിപ്രായപ്പെട്ടു.

Story Highlights: Hamas leader Ismail Haniyeh’s funeral held in Qatar with thousands attending

Image Credit: twentyfournews