വയനാട് ഉരുൾപൊട്ടൽ: മാനസികാഘാതം ലഘൂകരിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചതായി മന്ത്രി വീണാ ജോർജ്

Anjana

Wayanad landslide mental health support

വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മാനസികാഘാതം ലഘൂകരിക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് സമഗ്രമായ പദ്ധതി നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ജൂലൈ 30ന് തന്നെ ജില്ലയിൽ മാനസികാരോഗ്യ ദുരന്ത നിവാരണ ടീം രൂപീകരിച്ചതായും, ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ മാനസികാരോഗ്യ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് നൽകുന്ന പ്രത്യേക ഐഡി കാർഡുള്ളവർക്ക് മാത്രമേ ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്താൻ അനുവാദമുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.

ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ എല്ലാ ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മാനസികാരോഗ്യ ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിച്ച് സേവനങ്ങൾ ഉറപ്പാക്കുന്നതായി മന്ത്രി അറിയിച്ചു. സൈക്യാട്രിസ്റ്റിന്റെ നേതൃത്വത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിക് സോഷ്യൽ വർക്കർമാർ, കൗൺസിലർമാർ എന്നിവരടങ്ങുന്ന 121 അംഗീകൃത മാനസികാരോഗ്യ പ്രവർത്തകരെയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ദുരന്തബാധിതരെ കേൾക്കുവാനും അവർക്ക് ആശ്വാസം പകരുവാനുമാണ് ഇപ്പോൾ പ്രവർത്തകർ പ്രധാനമായും ശ്രദ്ധിക്കുന്നത്. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദുരന്തം കാരണമുണ്ടായ മാനസികാഘാതത്തിന്റെ ലക്ഷണങ്ങൾ ആഴ്ചകൾ കഴിഞ്ഞും പ്രത്യക്ഷപ്പെടാമെന്നതിനാലും, ഉൽക്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾ ദീർഘകാലം നീണ്ടുനിൽക്കാമെന്നതിനാലും മാനസിക-സാമൂഹിക ഇടപെടലുകൾ തുടരുമെന്ന് മന്ത്രി അറിയിച്ചു. മാനസിക അസ്വാസ്ഥ്യമുള്ളവരെയും, മാനസിക രോഗങ്ങൾക്ക് ചികിത്സയെടുക്കുന്നവരെയും കണ്ടെത്തി ചികിത്സ മുടങ്ങാതെ നൽകുവാനും ടീമുകൾ ശ്രദ്ധിക്കുന്നു. മദ്യം/ലഹരി ഉപയോഗത്തിന്റെ ‘വിത്ഡ്രോവൽ’ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് പ്രത്യേക ചികിത്സയും നൽകുന്നു. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും മാനസിക സമ്മർദ്ദ നിവാരണ ഇടപെടലുകൾ നടത്തുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights: Wayanad landslide: Special team formed for mental health post-traumatic issues

Image Credit: twentyfournews