വയനാട്ടിലെ ദുരന്ത മുഖത്ത് ഇന്നത്തെ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു. കനത്ത മഴ തുടരുന്നതിനാൽ അപകട സാധ്യത കണക്കിലെടുത്ത് രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. രക്ഷാപ്രവർത്തകരെ മുഴുവൻ മുണ്ടക്കയത്തേക്ക് തിരികെ എത്തിച്ചു. നാളെ രാവിലെ രക്ഷാപ്രവർത്തനം പുനരാരംഭിക്കും.
ചൂരൽ മലയിൽ നിർത്താതെ പെയ്യുന്ന പെരുമഴയാണ്. പുഴയിൽ ഉരുൾപൊട്ടിയതിന് സമാനമായ രീതിയിൽ മലവെള്ളം കുതിച്ചൊഴുകുന്നു. സൈന്യത്തിന്റെ താൽക്കാലിക പാലം നിർമ്മാണവും മുടങ്ങിയിരിക്കുകയാണ്. ഈ ദുരന്തത്തിൽ ഇതുവരെ 254 പേർ മരിച്ചു, 195 പേർ ചികിത്സയിലാണ്.
വയനാട് ജില്ലയിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ സ്ഥലങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി, കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന തുടങ്ങിയ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും, അപകടസാധ്യത നിലനിൽക്കുന്നതിനാൽ ക്യാമ്പുകളിലേക്ക് മാറാൻ നിർദേശിച്ചിട്ടുള്ളവർ അടിയന്തരമായി അവിടേക്ക് മാറണമെന്നും കളക്ടർ അറിയിച്ചു. ഓഗസ്റ്റ് ഒന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് ഇത് ബാധകമല്ല.
Story Highlights: Rescue operations in Wayanad suspended due to heavy rainfall
Image Credit: twentyfournews