വയനാട് ചൂരൽമല മുണ്ടക്കൈയിലെ ട്രീ വാലി റിസോർട്ടിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷിക്കാൻ കേരള പൊലീസും ഫയർ ഫോഴ്സും അതിസാഹസികമായ ദൗത്യം നടത്തി. കുഞ്ഞുങ്ങളും പ്രായമായവരും ഉൾപ്പെടെ മുട്ടൊപ്പം ചെളിയിൽ പുതഞ്ഞുകിടക്കുന്ന കുന്നിൽ നിന്ന് രക്ഷാപ്രവർത്തകർ ജനങ്ങളെ സുരക്ഷിതമായി പുറത്തെത്തിച്ചു. കൂറ്റൻ പാറകൾക്കിടയിലൂടെ റോപ്പിൽ പിടിച്ച് ഓരോരുത്തരെയായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ രക്ഷാപ്രവർത്തകർ റിസോർട്ടിൽ നിന്ന് രണ്ട് മൃതദേഹങ്ങളും കണ്ടെത്തി.
ചൂരൽമലയിൽ പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യാൻ വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിച്ചതോടെ രക്ഷാപ്രവർത്തനം കൂടുതൽ ശക്തമായി. നാലു സംഘങ്ങളായി തിരിഞ്ഞ് സൈന്യം രക്ഷാപ്രവർത്തനം നടത്തുകയാണ്. ചൂരൽമല പുഴയിൽ സൈന്യം കെട്ടിയ താൽക്കാലിക പാലം വഴി മുണ്ടക്കൈ അട്ടമല മേഖലയിൽ നിന്ന് രക്ഷപ്പെട്ടവരെ എത്തിക്കുന്നു. മൃതശരീരങ്ങൾ സിപ് ലൈനിലൂടെയാണ് കൊണ്ടുവരുന്നത്.
കണ്ടെത്തിയ മൃതദേഹങ്ങൾ മേപ്പാടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലേക്ക് മാറ്റുന്നുണ്ട്. കൂടം കൊണ്ട് കോൺക്രീട്ട് കെട്ടിടങ്ങൾ പൊളിച്ചും മേൽക്കൂരകൾ വലിച്ചുനീക്കിയുമാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. മുട്ടൊപ്പം ചെളിയിൽ പുതഞ്ഞുനിന്നാണ് രക്ഷാപ്രവർത്തകർ ഈ ദുഷ്കരമായ ജോലി ചെയ്യുന്നത്. ചെളിയിൽ പുതഞ്ഞുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കൂടുതൽ ആളുകളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
Story Highlights: Daring rescue operation underway to save tourists trapped in Tree Valley Resort after Wayanad landslide
Image Credit: twentyfournews