രാജ്യം ചക്രവ്യൂഹത്തിലകപ്പെട്ടിരിക്കുകയാണെന്ന് ലോക്സഭയിൽ രാഹുൽ ഗാന്ധി ആരോപിച്ചു. മോദിയുടെ നേതൃത്വത്തിലാണ് രാജ്യം ഈ അവസ്ഥയിലായതെന്നും, പ്രതിപക്ഷം ഇത് ഭേദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷാ, മോദി ഉൾപ്പെടെ ആറുപേരാണ് ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി. യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നിവരെല്ലാം ഈ ചക്രവ്യൂഹത്തിൽ കുടുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രബജറ്റിനെതിരെയും രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചു. അഗ്നിവീറുകൾക്ക് ബജറ്റിൽ ഒരു രൂപ പോലും നീക്കിവെച്ചില്ലെന്നും, കർഷകരുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിനെയും ആന്ധ്രാപ്രദേശിനെയും മാത്രം പരിഗണിച്ചുള്ള ബജറ്റാണിതെന്നും രാഹുൽ കുറ്റപ്പെടുത്തി. രാജ്യത്ത് 95 ശതമാനം പേർക്ക് ജാതി സെൻസസ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപിയിൽ ഒരാൾക്ക് മാത്രമേ പ്രധാനമന്ത്രി പദം സ്വപ്നം കാണാൻ കഴിയുകയുള്ളൂവെന്ന് മോദിയെ വിമർശിച്ച് രാഹുൽ പറഞ്ഞു. മോഹൻ ഭഗവത്, അംബാനി, അദാനി എന്നിവരെ രാഹുൽ പരാമർശിച്ചതിൽ ഭരണപക്ഷം പ്രതിഷേധമുയർത്തി. സഭയിൽ കള്ളം പറയരുതെന്നും, പാർലമെന്റിലില്ലാത്തവരെ കുറിച്ച് പരാമർശം നടത്തരുതെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള മുന്നറിയിപ്പ് നൽകി. ഫോട്ടോ ഉയർത്താനുള്ള രാഹുലിന്റെ ശ്രമവും സ്പീക്കർ വിലക്കി.