മഴ കാരണം ഡക്ക്വര്ത്ത് ലൂയിസ് നിയമപ്രകാരം ഓവര് വെട്ടിക്കുറച്ച മത്സരത്തില് ഇന്ത്യ ശ്രീലങ്കയെ തോല്പ്പിച്ചു. പരമ്പരയിലെ രണ്ടാം ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില് 9 വിക്കറ്റ് നഷ്ടത്തില് 161 റണ്സ് നേടി. കുഷാല്‍ പെരേരയുടെ അര്ധ സെഞ്ചുറിയും പത്തും നിസ്സങ്കയുടെ മികച്ച പ്രകടനവുമാണ് ലങ്കയ്ക്ക് നല്ല സ്കോര് സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് ആരംഭിച്ച് അല്പ സമയത്തിനുള്ളില് മഴ വീണ്ടും എത്തി. ഇതോടെ ഓവര് പുനര്നിശ്ചയിച്ചു. 8 ഓവറില് 78 റണ്സ് എന്ന ലക്ഷ്യം ഇന്ത്യ 6.3 ഓവറില് തന്നെ 3 വിക്കറ്റ് നഷ്ടത്തില് മറികടന്നു. യശസ്വി ജയ്സ്വാളിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന് വഴിയൊരുക്കിയത്. 15 പന്തില് നിന്ന് 2 സിക്സും 3 ഫോറും ഉള്പ്പെടെ 30 റണ്സ് അദ്ദേഹം നേടി.
ഇന്ത്യക്കായി രവി ബിഷ്ണോയ് മൂന്നും ഹര്ദിക പാണ്ഡ്യ രണ്ടും വിക്കറ്റുകള് വീഴ്ത്തി. അര്ഷ്ദീപ് സിങ്ങും അക്ഷര് പട്ടേലും രണ്ട് വിക്കറ്റ് വീതം നേടി. ശ്രീലങ്കയ്ക്കായി തീക്ഷണ, ഹസരങ്ക, മതീഷ പതിരണ എന്നിവര് ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മലയാളി താരം സഞ്ജു സാംസണ് നേരിട്ട ആദ്യ പന്തില് തന്നെ പുറത്തായി നിരാശപ്പെടുത്തി.