അർജുനായുള്ള തിരച്ചിൽ താത്കാലികമായി നിർത്തി; സാഹചര്യം അനുകൂലമാകുമ്പോൾ തുടരുമെന്ന് എംഎൽഎ

Anjana

Arjun search Karnataka landslide

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ താത്കാലികമായി നിർത്തിവച്ചതായി കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറിയിച്ചു. ഗംഗാവലി നദിയിലെ അടിയൊഴുക്ക് കുറയുകയും ജലനിരപ്പ് താഴുകയും ചെയ്യുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ തിരച്ചിൽ പുനരാരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.

തുടർനടപടികൾ സംബന്ധിച്ച് ഉന്നതതല യോഗത്തിൽ ചർച്ച നടന്നതായി സതീഷ് കൃഷ്ണ സെയിൽ വെളിപ്പെടുത്തി. നിലവിൽ ചെളി, മണ്ണ്, പാറ എന്നിവ മാത്രമാണ് കാണാൻ കഴിയുന്നതെന്നും, യന്ത്രങ്ങൾ എത്തിയാൽ തിരച്ചിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിൽ നിന്ന് ഡ്രഡ്ജിങ് മെഷീൻ കൊണ്ടുവരുമെന്നും, ടെക്നീഷ്യൻ എത്തി ആദ്യം പരിശോധന നടത്തുമെന്നും എംഎൽഎ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് എം വിജിൻ എംഎൽഎ ആവശ്യപ്പെട്ടു. കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് രക്ഷാദൗത്യം നടത്തണമെന്നും, മുൻപ് നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച് ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തിരച്ചിൽ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു.